തിരുവനന്തപുരം : പുതിയ പാർലമെൻ്റിൻ്റെ അധ്യക്ഷപീഠത്തിൽ പ്രതിഷ്‌ഠിക്കേണ്ടത് ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണെന്ന് മന്ത്രി എം ബി രാജേഷ്. പാർലമെൻ്റ് മന്ദിരം മാത്രമല്ല, നിർമിത ചരിത്രം കൂടിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുതിയ പാർലമെൻ്റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനത്തിലോ ഉദ്ഘാടനത്തിലോ സ്ഥാനമില്ല.
രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന പഴയ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാജാധികാരത്തിന്‍റെ പ്രതീകമായിരുന്ന ചെങ്കോൽ 2014 ന് ശേഷമുള്ള പുതിയ ഇന്ത്യയിലേക്ക് ഇറങ്ങിവരുന്നത് ഒരു മ്യൂസിയം പീസായിട്ടല്ല, ജനാധിപത്യത്തിനുമേൽ പതിക്കുന്ന ഫാസിസത്തിന്‍റെ അധികാര ദണ്ഡായാണെന്നും അദ്ദേഹം ആരോപിച്ചു.
സംഘപരിവാറിന് സ്വാതന്ത്ര്യം എന്നാൽ അധികാര കൈമാറ്റത്തിന്‍റെ കേവലമൊരു ചടങ്ങ് മാത്രമാകുന്നതിൽ അതിശയിക്കാനില്ല. ഭരണഘടനയ്ക്ക് പകരം രാജവാഴ്‌ചയുടെ അധികാരദണ്ഡായ ചെങ്കോൽ സ്ഥാപിക്കപ്പെടുന്ന ദിവസം ലോകത്തിനുമുന്നിൽ ദേശീയ അഭിമാനവും യശസ്സുമുയർത്തിയ ഗുസ്‌തി താരങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടിവരുന്നത് പുതിയ ഇന്ത്യയുടെ പരിണാമത്തെ കുറിക്കുന്നുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ചെങ്കോലായി, ഇനി കിരീടധാരണം കൂടിയായാൽ എല്ലാമാകും. ബലപ്രയോഗത്തിന്‍റെയും ഹിംസയുടെയും ഫാസിസ്റ്റ് യുക്തികൾക്കിണങ്ങുന്ന പ്രതീകങ്ങളുടെ തെരഞ്ഞെടുപ്പ് ബോധപൂർവം ആണ്. യജ്ഞവും യാഗവും ഹോമവുമായി നടക്കുന്ന പാർലമെൻ്റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങും ശാസ്ത്രബോധം വളർത്തുകയെന്ന ഭരണഘടനയുടെ മൗലിക കടമയും തമ്മിൽ എന്ത് ബന്ധമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.