തിരുവനന്തപുരം:താത്‌കാലിക ജീവനക്കാരുടെ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് ജില്ല സെക്രട്ടറിക്ക് കത്തയച്ചുവെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. വ്യാജമായ കത്താണ് പ്രചരിക്കുന്നതെന്നാണ് മേയറുടെ നിലപാട്.
ഔദ്യോഗിക സീൽ പതിക്കാതെ താന്‍ ഡല്‍ഹിയിലായിരുന്ന തിയതി വച്ചാണ് കത്ത് പുറത്തു വന്നിരിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കോര്‍പ്പറേഷനേയും മേയര്‍ സ്ഥാനത്തേയും പൊതുജനമധ്യത്തില്‍ ഇകഴ്ത്തി കാട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇതിനു പിന്നിലെ എല്ലാ വിവരങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.