തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രന്‍. കത്ത് തയാറാക്കുകയോ താന്‍ ഒപ്പിടുകയോ ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും നഗരസഭയിലെ കത്ത് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ മേയർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് തന്‍റെ ഓഫിസ് ജീവനക്കാരെ സംശയമില്ല. മേയർ സെക്ഷനിൽ ക്രമക്കേട് നടന്നതായും സംശയമില്ല. ഇക്കാര്യത്തിൽ തനിക്ക് ഒന്നും ഒളിക്കാനില്ല. മേയറുടെ ഓഫിസോ താനോ കത്ത് നൽകിയിട്ടില്ല. കത്തിന്‍റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫിസിനേയും തന്നെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ആര്യ രാജേന്ദ്രൻ.
'കത്ത് വിവാദം അപകീർത്തിപ്പെടുത്താനുള്ള ശ്രമം': കത്ത് ഉപയോഗിച്ച് ചില ആളുകൾ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു. കത്ത് വ്യാജമാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാകും. ലെറ്റർപാഡിന്‍റെ ഹെഡിനും ഒപ്പിനും വ്യക്തതക്കുറവുണ്ട്. കത്തില്‍ എഡിറ്റിങ് നടന്നോയെന്ന് സംശയിക്കുന്നു. നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ല. കത്തിന്‍റെ യഥാർഥ പകർപ്പ് ആരും കണ്ടതായി അറിയില്ല. പ്രശ്‌നത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും തിരുവനന്തപുരം മേയർ പറഞ്ഞു.