തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാർ തിരുവനന്തപുരം കോർപ്പറേഷനു മുന്നിൽ ശുദ്ധികലശം നടത്തി. പ്രകടനമായെത്തിയ യുഡിഎഫ് അംഗങ്ങൾ ഓഫിസ് പരിസരത്ത് ചാണക വെള്ളവും തളിച്ചാണ് ശുദ്ധികലശം നടത്തിയത്.
കത്ത് വിവാദം; കോർപ്പറേഷനു മുന്നിൽ ശുദ്ധികലശം നടത്തി യുഡിഎഫ്, ഇന്നും പ്രതിക്ഷേധം ശക്തം - മേയർ
താത്‌കാലിക നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചുവെന്ന വിവാദത്തില്‍ കോർപ്പറേഷനു മുന്നിൽ ശുദ്ധികലശം നടത്തി യുഡിഎഫ് കൗൺസിലർമാർ
മേയർക്ക് നല്ല ബുദ്ധിയുണ്ടാകാനാണ് ശുദ്ധികലശമെന്നാണ് യുഡിഎഫ് നിലപാട്. നഗരത്തിലെ ജനങ്ങളെയാകെ മേയർ പരിഹസിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. മേയർ രാജിവയ്ക്കുന്നതു വരെ സമരം തുടരുമെന്ന് യുഡിഎഫ് കക്ഷി നേതാവ് പി.പത്മകുമാർ പറഞ്ഞു. അതേസമയം കോർപ്പറേഷന് മുന്നിൽ ബിജെപി, യുഡിഎഫ് കൗൺസിലർമാരുടെ സമരം തുടരുകയാണ്. ബിജെപി പ്രവർത്തകർ കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി.
താത്‌കാലിക നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ചതെന്ന് പറയുന്ന കത്ത് പുറത്തു വന്ന ദിവസം മുതൽ നഗരസഭയിൽ മേയറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ ചേർന്നപ്പോഴും സംഘർഷമായിരുന്നു. ആരോപണ വിധേയയായ മേയർ കൗൺസിൽ നിയന്ത്രിക്കരുതെന്ന് അവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മേയറുടെ രാജി വരെ സമരം എന്ന ശക്തമായ നിലപാടിലാണ് നഗരസഭയിലെ പ്രതിപക്ഷ കക്ഷികൾ.