തിരുവനന്തപുരം:കത്ത് വിവാദത്തില്‍ കോണ്‍ഗ്രസിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന്‍റെ ജാള്യത മറയ്ക്കാനാണ് ബിജെപിയുടെ സമരാഭാസമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിളിച്ച കൗണ്‍സിലില്‍ ബിജെപി ചര്‍ച്ചക്ക് പോലും തയ്യാറായില്ല. ഭരണസമിതി ചുമതലയേറ്റ നാൾ മുതൽ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിനെന്നും അവര്‍ ആരോപിച്ചു.
നിയമപരമായി മുന്നോട്ടുപോവുമ്പോൾ അതിന്‍റെ വിധിയേയും അംഗീകരിക്കാൻ ബിജെപി യും കോൺഗ്രസും തയ്യാറാകണം. ഇനിയെങ്കിലും സമരം അവസാനിപ്പിച്ച് പ്രതിപക്ഷം തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും മേയർ ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
'സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല':മേയര്‍ക്കുപുറമെ, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡിആര്‍ അനിലും വിഷയത്തില്‍ പ്രതികരിച്ചു. കൗണ്‍സിലില്‍ ഇന്ന് നടന്ന പ്രതിഷേധത്തിന് മാധ്യമങ്ങള്‍ സാക്ഷിയായിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണെന്നും ഡിആര്‍ അനില്‍ പറഞ്ഞു.
ഇന്ന് രാവിലെ കൗണ്‍സില്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ബിജെപി - യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറിന്‍റെ ഡയസില്‍ കയറി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന്, പൊലീസിന്‍റെ സഹായത്തോടെ കൗണ്‍സില്‍ ആരംഭിക്കാനാണ് മേയര്‍ ഡയസില്‍ എത്തിയത്. മേയറുടെ മുഖം മറച്ചുകൊണ്ട് ബാനര്‍ സ്ഥാപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍, കൗണ്‍സില്‍ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതുകൊണ്ടാണ് അവരെ സസ്‌പെന്‍ഡ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരില്‍ നിന്നും ഹാജര്‍ ബുക്ക് തട്ടിപ്പറിച്ചുക്കൊണ്ട്, ഹാജര്‍ രേഖപ്പെടുത്തിയതോടെ ശമ്പളം കൃത്യമായി ലഭിക്കാനായി ഒപ്പിടുന്നതിന് പകരം മറ്റ് വല്ല പണിക്കും പോയ്ക്കൂടെയെന്ന് ഡിആര്‍ അനില്‍ കൗണ്‍സിലില്‍ ചോദിച്ചതാണ് വിവാദമായത്. താന്‍ കൗണ്‍സിലില്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലെല്ലാം വന്നതാണെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.