തിരുവനന്തപുരം: അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ സംഭവമാണ് ഇന്ന് നിയമസഭയിൽ നടന്നതെന്നും ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നും വിമര്‍ശിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപതിവ് ചട്ട ഭേദഗതി ബില്ലിന് മേൽ ചർച്ച നടക്കുമ്പോൾ മാത്യു കുഴൽനാടന്‍റെ പ്രസംഗം സ്‌പീക്കർ തടസപ്പെടുത്തിയതിന് പിന്നാലെ സഭ ബഹിഷ്‌കരിച്ച് പുറത്തേക്കുവന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം ഇങ്ങനെ:ബില്ലിനുമേൽ ചർച്ച നടക്കുമ്പോൾ ബില്ലിന്‍റെ നടപടിക്രമങ്ങളിൽ അഴിമതിക്കുള്ള സാധ്യതയുണ്ടാകരുതെന്നും ഇന്നത്തെ കാലത്ത് അഴിമതി വ്യത്യസ്‌തമായ രീതികളിലാണ് നടക്കുന്നതെന്നും ഈ അടുത്തകാലത്ത് ഇൻകം ടാക്‌സ് ബോർഡിന്‍റെ ഒരു തീരുമാനം വന്നുവെന്നും പറയവെയാണ് സ്‌പീക്കർ പ്രസംഗത്തിൽ ഇടപെട്ടത്. നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ് ഇത്തരം സംഭവമെന്നും ഇന്നലെ കേരളം കേട്ട വലിയ വാർത്തയിൽ ശ്രദ്ധ ക്ഷണിച്ചപ്പോൾ തന്നെ പ്രസംഗത്തെ തടസപ്പെടുത്തിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോഴി കട്ടവൻ തലയിൽ തൂവൽ തപ്പുന്നത് പോലെയാണ് തന്‍റെ പ്രസംഗം തടസപ്പെടുത്തിയ നടപടിയെന്നും അദ്ദേഹം പരിഹസിച്ചു.
ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചില്ല. ആരുടെയും മകളുടെയോ മകന്‍റെയോ പേര് പറഞ്ഞിട്ടില്ല. ചട്ടവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും എന്നാൽ സ്‌പീക്കർ ആ കാരണം പറഞ്ഞ് തന്‍റെ പ്രസംഗത്തെ തടസപ്പെടുത്തിയെന്ന് മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചു. എന്‍റെ ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ടിരിക്കുകയായിരുന്നു ഇവിടെയെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. അവകാശലംഘനം അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും ഈ വിഷയം ഞങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയില്‍ ചര്‍ച്ചയാക്കാതെ പ്രതിപക്ഷം: പ്രതിപക്ഷാംഗങ്ങൾ രാവിലത്തെ സെക്ഷന് ശേഷം സഭയ്ക്ക് പുറത്ത് വിവിധ പരിപാടികളിലായിരുന്നുവെന്നും ചട്ട വിരുദ്ധമായി ആർക്കെതിരെയും മാത്യു കുഴൽനാടൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു. പാർലമെന്‍റിൽ അമിത് ഷായും മോദിയും ചെയ്യുന്നതാണ് ഇവിടെയും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.