തിരുവനന്തപുരം: മസാലാ ബോണ്ടിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടെന്ന തോമസ് ഐസക്കിന്‍റെ വാദം കള്ളമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. എൻഒസി അനുവദിച്ച രേഖകൾ ഉപയോഗിച്ചാണ് അനുമതി ലഭിച്ചുവെന്ന് ധനമന്ത്രി പറയുന്നത്. അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ ഇത് തെളിയിക്കുന്ന രേഖകൾ ധനമന്ത്രി പുറത്ത് വിടണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. ബിജെപിയുമായി താൻ ഗൂഡാലോചന നടത്തിയെന്നത് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്നും കെപിസിസി ജനറൽ സെക്രട്ടറി പറഞ്ഞു. അരോപണം ഉന്നയിച്ച ധനമന്ത്രി അത് തെളിയിക്കണമെന്നും അല്ലാത്ത പക്ഷം ആരോപണം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മസാല ബോണ്ടിലെ റിസർവ് ബാങ്ക് അനുമതി; ധനമന്ത്രി കള്ളം പറയുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ - എൻഒസി അനുവദിച്ച രേഖകൾ വാർത്ത
ബിജെപിയുമായി താൻ ഗൂഡാലോചന നടത്തിയെന്ന് ആരോപണം ഉന്നയിച്ച ധനമന്ത്രി അത് തെളിയിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു

കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് വലിയ പരാജയമായിരുന്നു. മസാല ബോണ്ട് വാങ്ങിയത് ആരൊക്കെയാണെന്ന് ധനമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. ലാവ്‌ലിന്‍റെ സബ്‌സിഡറി കമ്പനിയായ ക്യൂബക്കിന് മസാലാ ബോണ്ട് വാങ്ങാനായി മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്ങിലും ഓഫർ നോട്ടിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്നും ധനമന്ത്രി വിശദീകരിക്കണം. പലിശ നിരക്കിലെ വ്യത്യാസം വളരെ ഉയർന്നതാണ്. അത് സംസ്ഥാനത്തിന് ഉണ്ടാക്കുന്ന നഷ്‌ടം വലുതാണ്. കിഫ്ബിക്കെതിരായ ആരോപണങ്ങൾക്കാണ് ധനമന്ത്രി മറുപടി പറയേണ്ടത്. അല്ലാതെ കേസ് വാദിക്കുന്ന വക്കീലിന്‍റെ രാഷ്ട്രീയം നോക്കുകയല്ല ചെയ്യേണ്ടതെന്നും ധനമന്ത്രി കവല പ്രസംഗം നടത്തുന്നതു പോലെ സംസാരിക്കരുതെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.