തിരുവനന്തപുരം: മാസപ്പടി വിവാദം (Monthly Payment Controversy) വീണ്ടും നിയമസഭയിൽ അവതരിപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കുഴൽനാടൻ ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്ന പാർട്ടിയായി സിപിഎം (CPM) മാറിയെന്ന് ആരോപിച്ചു. താൻ ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു (Mathew Kuzhalnadan against CM Pinarayi Vijayans Family in Assembly).
എക്സ്സാലോജിക്കിന് (Exalogic) യാതൊരു ഉത്തരവാദിത്തവും കരാറിൽ നൽകിയിട്ടില്ല. ഒരു കോടി 75 ലക്ഷം രൂപ നിയമവിരുദ്ധമായി എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സിപിഎം പാർട്ടിക്കകത്ത് ഇതു ചർച്ച ചെയ്യാൻ ആരുമില്ലലോ എന്ന് കരുതി വിഷമിക്കുന്ന സാധാരണ കമ്മ്യൂണിസ്റ്റുകാർ നിരവധി പേരുണ്ട്. അവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
"മാസപ്പടി മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെയോ മടിയിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ അഴിമതിക്ക് സിപിഎം കാവൽ നിൽക്കുന്നു, മുഖ്യമന്ത്രിയുടെ മകളുടെ തീവെട്ടി കൊള്ളയ്ക്ക് സിപിഎം കാവൽ നിൽക്കുന്നു. മാസപ്പടിയിൽ ആർക്കും മറുപടിയില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. 1.72 കോടി രൂപയാണ് വാങ്ങിയത്. പാർട്ടിക്ക് ചരിത്രവും പാരമ്പര്യവും ഇല്ലേ? എന്തിനാണ് പാർട്ടി കാവൽ നിൽക്കുന്നത്. ഒരു സേവനവും നൽകാതെയാണ് പണം വാങ്ങിയത്. പണം മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. അഴിമതി പണമാണ് ഇത്"- മാത്യു കുഴൽനാടൻ പറഞ്ഞു.