തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയാതെ മുഖ്യമന്ത്രി നിയമസഭയിൽ നിന്നൊളിച്ചോടുകയാണെന്ന് മാത്യു കുഴൽനാടൻ. അടിയന്തര പ്രമേയ നോട്ടിസിൽ സംസാരിച്ച് തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ പ്രസംഗം മുഖ്യമന്ത്രി തടസപ്പെടുത്തി. ആക്രോശവും വിരട്ടലും ആക്ഷേപിക്കലുമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
മന്ത്രിമാരും ഇത് ഏറ്റെടുത്ത് ബഹളം വയ്ക്കുകയായിരുന്നു. ഒളിക്കാനും മറയ്ക്കാനും ഉള്ളതിനാലാണ് ഈ ബഹളം വയ്ക്കൽ. മടിയിൽ കനമുള്ളതിനാലാണ് ഈ അങ്കലാപ്പ്. ഭരണപക്ഷം പറയുന്നതു പോലെ പറയാനല്ല പ്രതിപക്ഷം നിയമസഭയിൽ വരുന്നത്. താൻ അനാവശ്യം വിളിച്ച് പറയുന്നുവെന്ന് പറഞ്ഞപ്പോഴാണ് റിമാൻഡ് റിപ്പോർട്ടിൽ ഇ ഡി പറഞ്ഞ കാര്യങ്ങൾ ഉന്നയിച്ചത്. റിമാൻഡ് റിപ്പോർട്ടിൽ തെറ്റായ കാര്യങ്ങളാണെങ്കിൽ കോടതിയില്‍ പോകണം. അല്ലാതെ നിയമസഭയിൽ കിടന്ന് മുഖ്യമന്ത്രി തുള്ളിയിട്ട് കാര്യമില്ല. കോടതിയിൽ പോകാനുള്ള തൻ്റേടം മുഖ്യമന്ത്രിക്കുണ്ടോയെന്ന് വെല്ലുവിളിക്കുന്നതായും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
വിമർശനവുമായി പ്രതിപക്ഷ നേതാവ്:ലൈഫ് മിഷൻ കോഴയിടപാടിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽ നാടനെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയാണ് നിയമസഭയിൽ ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി തന്നെ പലതവണ ഏഴുന്നേറ്റ് നിന്ന് വെല്ലുവിളിക്കുകയാണ് ചെയ്‌തത്. ഇതോടെ മന്ത്രിമാരും ഭരണകക്ഷിയംഗങ്ങളും ബഹളം വച്ചു. ഭരണപക്ഷം തന്നെ സഭ തടസപ്പെടുത്തുന്നത് ആദ്യ സംഭവമാണെന്നും വി ഡി സതീശൻ പറഞ്ഞു.