കേരളം

kerala

ETV Bharat / state

ലൈഫ് മിഷന്‍ കേസ്: മുഖ്യമന്ത്രിക്കെതിരെയുള്ള മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശം; നിയമസഭ രേഖകളില്‍ നിന്ന് നീക്കി - news updates

സ്വപ്‌ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാമര്‍ശം നിയമസഭ രേഖകളില്‍ നിന്ന് നീക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം നീക്കിയത്. വിഷയത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മുഖ്യമന്ത്രിയും കുഴല്‍നാടനും തമ്മില്‍ സഭയില്‍ വാക്കേറ്റമുണ്ടായത്.

Mathew kuzhalanadan  speech removed from assembly document  assembly document  ലൈഫ് മിഷന്‍ കേസ്  മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശം  എംഎല്‍എയുടെ പരാമര്‍ശം  നിയമ സഭ  ലൈഫ് മിഷന്‍ കോഴ  kerala news updates  latest news in kerala  news updates  assembly news
മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

By

Published : Mar 3, 2023, 5:41 PM IST

തിരുവനന്തപുരം:ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാത്യു കുഴൽനാടന്‍ എംഎല്‍എയുടെ പരാമർശങ്ങൾ നിയമസഭ രേഖകളിൽ നിന്നും നീക്കി. ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസിന്‍റെ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്ത് നിന്നും എംഎൽഎ ഉന്നയിച്ച പരാമർശങ്ങളാണ് രേഖയിൽ നിന്ന് നീക്കിയത്. ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറഞ്ഞതും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടെന്നുള്ള പരാമര്‍ശവുമാണ് നീക്കിയത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയില്‍ റിപ്പോര്‍ട്ട് വായിക്കുന്നതും അതിലെ ചില പരാമര്‍ശങ്ങളെ ഒഴിവാക്കിയതും. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ലൈഫ് മിഷന്‍ കോഴ ആരോപണങ്ങളെ ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. വടക്കാഞ്ചേരി ലൈഫ് മിഷനിലെ നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എംഎല്‍എ സഭയില്‍ ഉന്നയിക്കുകയായിരുന്നു.

ലൈഫ് മിഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് സ്വപ്‌ന സുരേഷും ശിവശങ്കറും ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടെന്നുള്ള ശിവശങ്കറിന്‍റെ വാട്‌സ്‌ആപ്പ് പരാമര്‍ശം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്. എംഎല്‍എയുടെ പരാമര്‍ശം മുഖ്യമന്ത്രി നിഷേധിക്കുകയും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്നും അത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ മുഖ്യമന്ത്രിയും ശിവശങ്കർ സ്വപ്‌നയും തമ്മിൽ ക്ലിഫ് ഹൗസില്‍ ചർച്ച നടത്തിയെന്ന പരാമർശം കൂടി എത്തിയതോടെ ഭരണപക്ഷം ബഹളം വച്ചു. ഈ പരാമർശത്തിൽ പ്രകോപിതനായ മുഖ്യമന്ത്രി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് എന്തും വിളിച്ചു പറയുകയാണെന്നും അത്തരത്തിൽ ഒരു ചർച്ച നടന്നിട്ടില്ലെന്നും പച്ചക്കള്ളമാണ് മാത്യു കുഴല്‍നാടൻ പറയുന്നതെന്നും പറഞ്ഞു. ഇതിന് മറുപടിയായി എംഎല്‍എ എങ്കിൽ അപകീർത്തികരമായ പരാമർശത്തിനെതിരെ കോടതിയെ സമീപിക്കണം എന്നായിരുന്നു മാത്യുവിന്‍റെ മറുപടി.

എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും ആരുടെ ഉപദേശവും വേണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതോടെ ഭരണപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിമാരടക്കം കോടതി പരിഗണനയിലുള്ള വിഷയം സഭയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആരോപണം സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും അത് നീക്കാന്‍ കോടതിയെ സമീപിക്കുമോയെന്നും എംഎല്‍എ ചോദിച്ചു.

അതിന് എനിക്ക് നിങ്ങളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്ക് അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി രോഷാകുലനായി പറഞ്ഞു. താങ്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേറ്റിന്‍റെ വക്കീലാകാന്‍ ശ്രമിക്കേണ്ടെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ തിരിച്ചടിച്ചു. എംഎല്‍എ തന്നെയാണ് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

ലൈഫ് മിഷൻ കേസ് സംബന്ധിച്ച പ്രമേയ നോട്ടിസ് സഭയിലെത്തിയപ്പോൾ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളാണ് നടന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലേക്ക് കത്ത് അയക്കാന്‍ ശിവശങ്കർ സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നു എന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് മാത്യു ആരോപിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ സഭ അല്‍പസമയത്തേക്ക് നിർത്തി വച്ചു.

പിന്നീട് ചേർന്നപ്പോൾ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ഉന്നയിക്കാൻ ആകില്ലെന്ന് സ്‌പീക്കര്‍ റൂളിംഗ് നൽകിയിരുന്നു. അന്നത്തെ ചർച്ചയിൽ നടന്ന വാദ പ്രതിവാദങ്ങളും റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങളുമാണ് സഭ രേഖയിൽ നിന്ന് ഇപ്പോൾ നീക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details