തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി.
ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മാസ്‌ക് ധിരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
ഇത് പ്രകാരം പിഴ ഈടാക്കുന്നത് കേരളം ഒഴിവാക്കിയെങ്കിലും മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ പൊതുസ്ഥലങ്ങള്‍, ഒത്തു ചേരലുകള്‍, ഓഫീസുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഇതിന് സമാനമായി കേരളത്തിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. നാലാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണക്കു കൂട്ടല്‍. ഇതിന് അനുസരിച്ചുളള ഒരുക്കങ്ങളാണ് സംസ്ഥാനം നടത്തുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഈ യോഗത്തിന്‍റെ കൂടി നിര്‍ദേശം പരിഗണിച്ചാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങിയിരിക്കുന്നത്.