ന്യൂഡല്‍ഹി : പി.വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിലുള്ള ക്രിമിനല്‍ കേസില്‍ ഓണ്‍ലൈന്‍ ന്യൂസ് ചാനലായ 'മറുനാടൻ മലയാളി' എഡിറ്റര്‍ ഷാജൻ സ്‌കറിയക്ക് അറസ്‌റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി. എസ്‌സി എസ്‌ടി ആക്‌ട് പ്രകാരമുള്ള ക്രിമിനൽ കേസിൽ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും അറസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്നും ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ പ്രത്യേക കോടതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ഷാജന്‍ സ്‌കറിയ സമര്‍പ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റീഷന്‍ നോട്ടിസിലാണ് സുപ്രീം കോടതി നടപടി.
കോടതിയില്‍ കണ്ടത് :അദ്ദേഹത്തിന്‍റെ പ്രസ്‌താവനകൾ അപകീർത്തികരമായേക്കാം. പരാതിക്കാരന്‍റെ ഭാര്യാപിതാവിനെതിരെയും, ജുഡീഷ്യറിക്കെതിരെയും അയാള്‍ മോശമായി പറഞ്ഞിരിക്കാം. എന്നാല്‍ ഇവ എസ്‌സി എസ്‌ടി നിയമപ്രകാരമുള്ള കുറ്റങ്ങളല്ല എന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം പരാതിക്കാരനായി ശ്രീനിജന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി ബഞ്ചിനോട് വീഡിയോയുടെ എഴുത്തുപ്രതി വായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അത് വായിച്ചുവെന്നായിരുന്നു ചീഫ് ജസ്‌റ്റിസിന്‍റെ പ്രതികരണം.
പരാതിക്കാരന്‍ പട്ടിക ജാതിക്കാരനാണെന്നത് ശരിതന്നെ. നിങ്ങളുടെ കക്ഷി എസ്‌സി അംഗമാണെന്ന് കരുതി അദ്ദേഹത്തിന് നേരെ ഒരാള്‍ മോശമായി എന്തെങ്കിലും പറഞ്ഞാല്‍ ജാതിപരമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ബഞ്ച് വ്യക്തമാക്കി. എസ്‌സി അംഗത്തെ പൊതുമധ്യത്തില്‍ മനഃപൂർവം അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് എസ്‌സി എസ്‌ടി നിയമത്തിന് കീഴിലെ സെക്ഷന്‍ 3(1) (ആര്‍) ന് കീഴില്‍ കുറ്റകരമാണെന്ന് അഭിഭാഷകന്‍ വി.ഗിരി വാദിച്ചു.