തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാവ് പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയും മഹാരാജാസ് കോളജ് പ്രിന്‍സിപ്പാളും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസ്. ആര്‍ഷോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എറണാകുളം മഹാരാജാസ് കോളജ് മുൻ കോ-ഓർഡിനേറ്റർ വിനോദ് കുമാർ, കോളജ് പ്രിൻസിപ്പാള്‍ വിഎസ് ജോയ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, ഫാസിൽ സി എ, മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാർ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 120-ബി, 465, 469, 500 (ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ), 2011ലെ കേരള പൊലീസ് (കെപി) ആക്‌ട് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ച് മഹാരാജാസ് കോളജ് മുൻ കോ-ഓർഡിനേറ്റർ വിനോദ് കുമാർ, കോളജ് പ്രിൻസിപ്പാള്‍ വിഎസ് ജോയ് എന്നിവര്‍ താന്‍ രജിസ്റ്റർ ചെയ്‌തിട്ടില്ലാത്ത പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നാണ് മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാർ, കെഎസ്‌യു നേതാക്കള്‍ എന്നിവർക്കെതിരെയുള്ള പരാതി.
പരീക്ഷയില്‍ പിഎം ആര്‍ഷോ വിജയിച്ചതായും എന്നാല്‍ മാര്‍ക്ക് പൂജ്യമാണെന്നും കാണിക്കുന്ന മാര്‍ക്ക് ലിസ്റ്റ് കോളജിന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് എസ്‌എഫ്‌ഐ നേതാവിന്‍റെ മാര്‍ക്ക് ലിസ്റ്റ് വിവാദമായത്. എന്നാല്‍ താൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അതിനാൽ താൻ പരീക്ഷ എഴുതിയില്ലെന്നും ആർഷോ അവകാശപ്പെട്ടു.