തിരുവനന്തപുരം: മാറനല്ലൂര്‍ ആസിഡ് ആക്രമണം (Maranalloor Acid Attack) സി പി ഐ (CPI) അന്വേഷിക്കും. സി പി ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ സി പി ഐയുടെ കാട്ടാക്കട മണ്ഡലം സെക്രട്ടറിയോട് ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്‌ച (ജൂലൈ 23) ആയിരുന്നു സിപിഐ മാറനല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന എ ആര്‍ സുധീര്‍ഖാന് നേരെ മാറനല്ലൂര്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായ സജികുമാര്‍ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ഒളിവില്‍പോയ സജികുമാറിനെ ചൊവാഴ്‌ച (ജൂലൈ 25) രാത്രിയോടെ മധുരയിലെ ലോഡ്‌ജ് മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ സുധീര്‍ഖാന്‍ ഇപ്പോഴും ചികിത്സയിലാണ്.
ഇരുവരും അയല്‍വാസികളും കാലങ്ങളായി ഒരുമിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരുമാണ്. എന്നാല്‍, സുധീര്‍ഖാന് എതിരെ ഉണ്ടായ ആസിഡ് ആക്രമണത്തെയും തുടര്‍ന്ന് ഉണ്ടായ സജികുമാറിന്‍റെ മരണത്തെയും കുറിച്ച് കൂടെയുള്ള മറ്റുള്ളവരില്‍ ആര്‍ക്കും യാതൊരു സൂചനയുമില്ല. സജികുമാര്‍ മരണത്തിന് മുന്‍പ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തില്‍ കണ്ടല സര്‍വീസ് സഹകണ ബാങ്ക് പ്രസിഡന്‍റും മില്‍മ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുമായ ഭാസുരംഗന് നേരെ ആരോപണം ഉന്നയിക്കുന്നുണ്ട്.