തിരുവനന്തപുരം :കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അപ്പീലും കോടതി ഇടപെടലുമില്ലാത്ത കലോത്സവങ്ങള്‍ ഉണ്ടാകണം. അപ്പീലുകള്‍ ആഘോഷത്തിന് ഭംഗം വരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമ്പോള്‍ വിജയികള്‍ക്ക് നല്‍കുന്ന സമ്മാനത്തുക ഉള്‍പ്പടെ വര്‍ദ്ധിപ്പിക്കും. കലാമികവ് തെളിയിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കുന്നതടക്കം പരിഗണനയിലുണ്ട്. കലോത്സവത്തില്‍ അനാരോഗ്യ പ്രവണതകള്‍ കാണുന്നു.
മത്സരം കുട്ടികള്‍ തമ്മിലാകണം. രക്ഷിതാക്കളും അധ്യാപകരും അതില്‍ ഇടപെടരുത്. എന്‍റെ കുട്ടി എന്നത് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇല്ല. എല്ലാവരും നമ്മുടെ കുട്ടികളാണ്.
ഒരാളെ ജയിപ്പിക്കാനും തോല്‍പിക്കാനും ഇടപെടല്‍ ഉണ്ടാകരുത്. ജയത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയോ പരാജയത്തില്‍ വിഷമിക്കുകയോ ചെയ്യരുത്. ജഡ്‌ജസിനെ രഹസ്യമായി തീരുമാനിക്കുന്നത് വിദഗ്ധരാണ്.
നന്നായിട്ട് കളിക്കുന്ന കുട്ടിയുടെ അന്നേരത്തെ മാനസികാവസ്ഥ അടക്കം പ്രകടനത്തെ സ്വാധീനിക്കും. ചിലപ്പോള്‍ നല്ല പ്രകടനം കാഴ്‌ചവയ്ക്കാനാകില്ല. അതിന് ജഡ്‌ജസിനെ കുറ്റപ്പെടുത്തി ബഹളം വയ്ക്കരുത്.
ലഹരിക്കും ബോഡി ഷെയിമിങ്ങിനുമെതിരെ ശക്തമായ പ്രതിരോധം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികളും ഗ്രേസ് മാര്‍ക്കും നല്‍കണമെന്ന് എ വിന്‍സന്‍റ് എംഎല്‍എ ആവശ്യപ്പെട്ടു.
ചലച്ചിത്രതാരം അവന്തിക മോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഡെപ്യൂട്ടി ഡയറക്‌ടര്‍ കൃഷ്‌ണകുമാര്‍, ഡി ഇ ഒ സുരേഷ് ബാബു, കോട്ടണ്‍ ഹില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രീഷ്‌മ പ്രിന്‍സിപ്പല്‍ എച്ച് എം രാജേഷ് ബാബു, എല്‍പി എസ് എച്ച് എം അജിത് കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിജോ സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.