തിരുവനന്തപുരം: കേശവദാസപുരം സ്വദേശിനി മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി ആദം അലിയുടെ ജാമ്യ ഹര്‍ജി കോടതി തളളി. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണുവാണ് ജാമ്യ ഹര്‍ജി തളളിയത്. സര്‍ക്കാര്‍ വാദം കൂടി പരിഗണിച്ചാണ് കോടതി വിധി.
ഇതര സംസ്ഥാനക്കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ സംസ്ഥാനം വിട്ടുപോവുമെന്നും കൊലപാതകം നേരിട്ട് കണ്ട പ്രതിയുടെ സുഹൃത്തുക്കളായ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിയ്ക്കുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യ ഹര്‍ജി തളളിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതിയുടെ വിചാരണ എപ്പോള്‍ വേണമെങ്കിലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചു. പ്രതിയ്ക്കുവേണ്ടി അഭിഭാഷകനായ ബിഎ ആളൂരാണ് ഹാജരാകുന്നത്.
കൊന്ന്, ഇഷ്‌ടിക കെട്ടി കിണറ്റില്‍ തള്ളി:ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സീനിയര്‍ സൂപ്രണ്ടായി വിരമിച്ച മനോരമ 2022 ഓഗസ്റ്റ് ഏഴിന് ഉച്ചയ്‌ക്ക് 12.30നാണ് കൊല്ലപ്പെട്ടത്. കേശവദാസപുരത്ത് പുതുതായി നിര്‍മിക്കുന്ന സ്‌ത്രീയുടെ വീട്ടില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു പ്രതി. വീട്ടില്‍ ഭര്‍ത്താവ് ദിനരാജ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അതിക്രമിച്ച് കടന്നത്. മനോരമയെ കൊലപ്പെടുത്തിയ പ്രതി പിന്നീട് മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ തളളുകയായിരുന്നു.
ആദ്യം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പുവരുത്താന്‍ സ്‌ത്രീയുടെ കഴുത്ത് മുറിച്ചിരുന്നു. മൃതദേഹം വെളളത്തില്‍ പൊങ്ങി വരാതിരിയ്ക്കാന്‍ കാലില്‍ ഇഷ്‌ടിക കെട്ടിയിട്ടാണ് കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്. കേസില്‍ പോലീസ് പ്രതിയ്‌ക്കെതിരെ കോടതിയില്‍ ഒക്ടോബര്‍ 10 ന് തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.