തിരുവനന്തപുരം :നിലയ്‌ക്കാത്ത കലാപങ്ങളാല്‍ കലുഷിതമായ മണിപ്പൂരില്‍ നിന്നും കേരളത്തിലേക്ക് രക്ഷപ്പെട്ട് എത്തിയിരിക്കുകയാണ് ഏഴുവയസുകാരി ഹൊയ്‌നെജെം വായ്‌പേയ് എന്ന ജെജെം. മെയ്‌തി - കുകി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം രൂക്ഷമായ മണിപ്പൂരിലെ അതിര്‍ത്തി ജില്ലയായ കാങ്‌പോക്‌പിയിലെ നാഖുജങ് ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ജെജെം കേരളത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്‍റ് മോഡല്‍ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ ബാലികയിപ്പോൾ.
ജെജെമിന്‍റെ മണിപ്പൂരിലെ വീടും സ്‌കൂളും കലാപകാരികള്‍ തീയിട്ടു. മാതാപിതാക്കളും സഹോദരങ്ങളും അഭയാര്‍ഥി ക്യാമ്പിലാണ്. കത്തിപ്പടരുന്ന കലാപത്തിന്‍റെ ചൂടില്‍ നിന്ന് പഠിക്കാന്‍ മിടുക്കിയായ മകളെ ബന്ധുവും തിരുവനന്തപുരത്ത് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനുമായ ലുംബി ചാങ്ങിന്‍റെ സംരക്ഷണത്തിലേക്ക് അയച്ചിരിക്കുകയാണ് ജെജെമിന്‍റെ മാതാപിതാക്കളായ മാംഗ്‌ദോയ് - ആചോയ് ദമ്പതികള്‍.
രക്ഷകനായി ബന്ധു : അതേസമയം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായ ലുംബി ചാങ്ങിന്‍റെ വീടിനും കലാപകാരികള്‍ തീയിട്ടിരുന്നു. കര്‍ഷകരായ ജെജെമിന്‍റെ മാതാപിതാക്കള്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പില്‍ തുടരുകയാണ്. ആക്രമണത്തിൽ വീടിനോടൊപ്പം ജെജെമിനെ സംബന്ധിക്കുന്ന രേഖകളും കത്തിനശിച്ചിരുന്നു. മുന്‍പ് പഠിച്ചിരുന്ന സ്‌കൂളിലെ ഐ ഡി കാര്‍ഡ് മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.
ക്ലാസിലെത്തിയ ആദ്യ ദിവസങ്ങളില്‍ ജെജെമിന്‍റെ മുഖത്ത് കലാപത്തിന്‍റെ ദുരനുഭവങ്ങള്‍ സമ്മാനിച്ച നടുക്കം വ്യക്തമായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. പുതിയ സ്‌കൂളിന്‍റെ അന്തരീക്ഷവുമായി ജെജെമിനെ പൊരുത്തപ്പെടുത്താനുള്ള ശ്രമത്തിലാണ് അധ്യാപകര്‍.