തിരുവനന്തപുരം : കേരളീയത്തിൽ (Keraleeyam) പങ്കെടുക്കരുതെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ (Mani Shankar Aiyar). കേരളീയത്തിന്‍റെ നാലാം ദിനത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ വകുപ്പ് നടത്തിയ 'കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ' എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോൺഗ്രസ് പ്രസിഡന്‍റിനോട് ക്ഷമാപണവും നടത്തിയാണ് അദ്ദേഹം കേരളീയത്തിലെ സെമിനാർ വേദിയിൽ പ്രസംഗം അവസാനിപ്പിച്ചത്.
പഞ്ചായത്തീരാജ് നടപ്പിലാക്കിയ രാജീവ് ഗാന്ധിക്ക് ആദരമായാണ് താൻ ഇവിടെയെത്തിയത്. ഇവിടെ എത്തിയത് കൊണ്ടും പരിപാടിയിൽ പങ്കെടുത്തത് കൊണ്ടും തനിക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്‌ട്രീയം പറയാനല്ല കേരളീയത്തിന്‍റെ വേദിയിലെത്തിയത്.
എല്ലാ കണ്ണുകളിൽ നിന്നും കണ്ണുനീർ തുടച്ച് നീക്കണമെന്നാണ് ഗാന്ധിയുടെ വാക്കുകൾ. കേരളമാണ് ഈ നേട്ടത്തോട് അടുത്ത് നിൽക്കുന്ന ഏക സംസ്ഥാനം. ഐക്യമുന്നണി സർക്കാരുകളും ഇടതുപക്ഷമുന്നണി സർക്കാരുകളും കേരളത്തിൽ മാറി മാറി വരുന്നു. എന്നാൽ പഞ്ചായത്തീരാജ് കേരളത്തിലെ ജനങ്ങളുടെ കാഴ്‌ചപ്പാടാണ്.
കേരളത്തില്‍ ജനസംഖ്യയുടെ വലിയ ശതമാനം നഗര മേഖലകളിലാണ് താമസിക്കുന്നത്. കാലാനുസൃതമായി മാറ്റം സംഭവിക്കാത്ത പഞ്ചായത്തീരാജ് സംവിധാനം നഗര മേഖലയിലും കൃത്യമായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. എന്നാൽ ഭരണപരമായ പരിണാമം അത്യാവശ്യമാണെന്നും കേരളീയം വേദിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പറഞ്ഞു.