തിരുവനന്തപുരം:പൊട്ടിപ്പൊളിഞ്ഞ റോഡിന് പുറമെ തലസ്ഥാന നഗരവീഥികളില്‍ അപകടക്കെണിയൊരുക്കി വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളുകളും. വിമൺസ് കോളജ് പരിസരത്ത് നിന്ന് പനവിളയിലേക്ക് പോകുന്ന 'കലാഭവന്‍ മണി' റോഡിലുള്‍പ്പടെയാണ് മാന്‍ഹോളുകള്‍ റോഡിനേക്കാള്‍ ഉയരത്തില്‍ പൊങ്ങി നില്‍ക്കുന്നത്. നഗരവികസനത്തിനായി റോഡ് കുത്തിപ്പൊളിച്ചതിന് പിന്നാലെയാണ് പാതയ്‌ക്ക് ഈ അവസ്ഥയുണ്ടായത്.
2021ലാണ് കേബിളുകളും വൈദ്യുതി ലൈനുകളും മണ്ണിനടിയിലൂടെ കടത്തിവിടുന്ന സ്‌മാര്‍ട്ട് റോഡ് പദ്ധതിക്കായി കലാഭവന്‍ മണി റോഡ് കുത്തിപ്പൊളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിന് പിന്നാലെ കരാറുകാരന്‍ പിന്‍വാങ്ങി. തുടര്‍ന്നുള്ള പണികള്‍ മുടങ്ങിയതോടെ മാന്‍ഹോളുകള്‍ റോഡിനേക്കാള്‍ ഉയരത്തിലേക്ക് എത്തുകയും ചെയ്‌തു. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തില്‍ പെടുന്നതും പതിവാണ്.