തിരുവനന്തപുരം:ഓട്ടിസം രോഗബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ വെള്ളനാട് സ്വദേശി വിമൽ കുമറിന് (41) ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്‌ജി ആജ് സുദർശൻ വിധി ന്യായത്തിൽ പറയുന്നു.
പിഴത്തുക ഇരയായ കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. 2013 സെപ്‌റ്റംബര്‍ 20 രാത്രി പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടി മാലിന്യം കളയുന്നതിന് വീട്ടിൽ നിന്ന് റോഡിൽ വന്നതായിരുന്നു.
സംഭവം ഇങ്ങനെ: ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസിൽ ഇരിക്കുകയായിരുന്നു. ഈ സമയം മാലിന്യം കളയാൻ എത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസിനുള്ളിൽ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കുട്ടി ഓട്ടിസത്തിന് ചികിത്സ തേടിയിരുന്നു. കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം ബസിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കൾക്ക് കാണിച്ച് കൊടുത്തു.
തുടർന്നാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്‌തരിച്ചു. പതിനേഴ് രേഖകളും, മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.