തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറയാണ് (67) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
താഹിറയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അലി അക്‌ബർ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേൽപ്പിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് അലി അക്‌ബർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മുംതാസും അലി അക്ബറും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അലി അക്‌ബറും ഭാര്യയും തമ്മിൽ 10 വർഷമായി കുടുംബകോടതിയിൽ കേസ് നടക്കുകയാണ്. എന്നാൽ ഇവർ ഒരു വീട്ടിലായിരുന്നു താമസം.
ഇരുനില വീട്ടിൽ അലി അക്‌ബർ മുകളിലെ നിലയിലും മുംതാസും മാതാവ് താഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം. അലി അക്‌ബർ എസ്എടി ഉദ്യോഗസ്ഥനാണ്. മുംതാസ് നെടുമങ്ങാട് ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ടീച്ചറാണ്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃശൂരിൽ അസം ബാലൻ വെട്ടേറ്റ് മരിച്ചു;അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് വയസുകാരൻ വെട്ടേറ്റ് മരിച്ചു. അസം സ്വദേശിയായ നജിറുൽ ഇസ്‌ലാം ആണ് മരിച്ചത്. പ്രതിയെ മറ്റുള്ളവർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിച്ചു.
തൃശൂർ മുപ്ലിയം ഗ്രൗണ്ടിന് സമീപമായിരുന്നു അക്രമം ഉണ്ടായത്. അതിഥി തൊഴിലാളികളായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെട്ടേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ അമ്മക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.