തിരുവനന്തപുരം: ഭാര്യാപിതാവിനെ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും. തൊളിക്കോട് വിതുര ചേന്നൻപാറ പന്നിയോട്ടുമൂല വസന്ത വിലാസം വീട്ടിൽ സുന്ദരനെ(60)യാണ് മകളുടെ ഭർത്താവും, പനവൂർ ചുള്ളിമാനൂർ മൊട്ടക്കാവ് കടുവാച്ചിറ പാറയംവിളാകത്ത് വീട്ടിൽ രാകേഷ്(35) കൊലപ്പെയുത്തിയത്.
കേസില്‍ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്‌ജി കെ.എൻ അജിത്കുമാർ ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്ത തടവിന് പുറമേ അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിന് ഒരു വർഷം കഠിനതടവും, അസഭ്യ വാക്കുകൾ ഉപയോഗിച്ചതിന് ഒരു മാസം സാധാരണ തടവും കൂടി പ്രതി അനുഭവിക്കണം. കേസിലെ ഒന്നും രണ്ടും സാക്ഷികളായ കൊല്ലപ്പെട്ട സുന്ദരന്‍റെ ഭാര്യ വസന്ത, മകൾ പ്രിയ എന്നിവർക്ക് ലീഗൽ സർവീസ് അതോരിറ്റി മുഖേന നഷ്‌ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
2017 നവംബര്‍ 18നായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രതി രാകേഷ് കൊല്ലപ്പെട്ട സുന്ദരന്‍റെ മകൾ പ്രിയയുടെ ഭർത്താവായിരുന്നു. വിവാഹശേഷം സുന്ദരന്‍റെ വിതുരയിലെ വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ പ്രതി ആഹാരം ആവശ്യപ്പെട്ടപ്പോള്‍ ആഹാരം നല്‍കാന്‍ വൈകിയതിന് ഭാര്യയെ പ്രതി മര്‍ദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ച പിതാവ് സുന്ദരനെ വീടിനകത്തുണ്ടായിരുന്ന പലകയെടുത്ത് എറിഞ്ഞു. ശേഷം വീട്ടിലുണ്ടായിരുന്ന ഇരുമ്പ് കത്രികകൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു.
കൃത്യം നടത്തി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സുന്ദരന്‍റെ മകൾ പ്രിയയും, ഭാര്യ വസന്തയും, അയൽവാസികളും ചേർന്ന് സുന്ദരനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി സുന്ദരൻ മരണപ്പെടുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതിയെ ചുള്ളിമാനൂരിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2017 മുതൽ ജുഡീഷ്യൽ കസ്റ്റഡിലാണ് പ്രതി വിചാരണ നേരിട്ടത്. കൃത്യം കണ്ട ദൃക്‌സാക്ഷികളായ പ്രതിയുടെ ഭാര്യ പ്രിയയും മരണപ്പെട്ട സുന്ദരന്‍റെ ഭാര്യ വസന്തയും കൃത്യത്തെ കുറിച്ച് കോടതി മുമ്പാകെ മൊഴിനൽകിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, രാഖി ആർ.കെ, ദേവിക അനിൽ എന്നിവർ ഹാജരായി.