തിരുവനന്തപുരം : യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി സഹോദരന്‍ (Man Killed His Brother And Buried). തിരുവല്ലം വണ്ടിത്തടത്താണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്താണ് മൃതദേഹം കുഴിച്ചുമൂടിയിരിക്കുന്നത്. രാജ് (38) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനായ ബിനുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മകനെ കാണാനില്ലെന്ന് ഇവരുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് രാജിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഓണത്തിന് ഇരുവരുടെയും അമ്മ കുടുംബ വീട്ടിലേക്ക് പോയിരുന്നു. തിരികെ എത്തിയപ്പോള്‍ രാജിനെ കാണാനില്ലായിരുന്നു.
തുടര്‍ന്ന് തിരുവല്ലം പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സഹോദരന്‍ ബിനുവിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന ബിനു പൊലീസിന്‍റെ നിരന്തരമുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്ന് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. സഹോദരനെ കൊന്ന് വീട്ടുപരിസരത്ത് കുഴിച്ചുമൂടിയെന്ന് ബിനു പൊലീസിന് മൊഴി നല്‍കി.
ഇന്ന് (സെപ്‌റ്റംബര്‍ 6) രാവിലെയായിരുന്നു ബിനു തിരുവല്ലം പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാജിന് ഏറെ നാളുകളായി മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി തിരുവല്ലം പൊലീസ് പറഞ്ഞു.