തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കോട്ടയം വൈക്കം മുളക്കുളം സ്വദേശി രാജേഷ് (42) ആണ് നരുവാംമൂട് പൊലീസിന്‍റെ പിടിയിലായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപത്ത് വച്ച് പൊലീസ് പിടികൂടിയത്. കൂട്ടുപ്രതിയായ ഷാജി ജോണിനെ ഏറ്റുമാനൂരിൽ നിന്നു പിടികൂടിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവർന്ന സംഭവം; പ്രതി പിടിയിൽ - Malayalam news updates
കോട്ടയം ജില്ലയിലെ വൈക്കം മുളക്കുളം സ്വദേശി രാജേഷ് (42) ആണ് അറസ്റ്റിലായത്. ഏഴ് പവന്‍റെ സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ കവര്‍ന്നത്
ഇക്കഴിഞ്ഞ ഒമ്പതിനാണ് കേസിന് ആസ്‌പദമായ സംഭവം. നെയ്യാറ്റിൻകര പുത്തൻവീട്ടിൽ ബി. അനിൽകുമാറിന്‍റെ ഭാര്യ കെ.പി ജയശ്രീയുടെയും മകൾ അനുജയുടെയും ആഭരണങ്ങളാണ് പ്രതി കവര്‍ന്നത്. ഹെൽമറ്റ് ധരിച്ച് അനിൽകുമാറിന്‍റെ വീട്ടിൽ എത്തിയ രാജേഷ് വാഹനം വീടിന് സമീപം പാർക്ക് ചെയ്യാമോയെന്ന് ചോദിച്ചു. തുടർന്ന് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറക് വശത്തുകൂടി വീടിനുള്ളിൽ പ്രവേശിച്ച പ്രതി ബാഗിനുള്ളിൽ കരുതിയിരുന്ന തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരുവരുടെയും മാലകള്‍ കവരുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി എത്തിയ പ്രതി ഏഴ് പവന്‍റെ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.
തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകൻ, നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാർ എന്നിവരുടെ നിർദേശാനുസരണം നരുവാമൂട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധനപാലന്‍റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ ദാസ്, പ്രദീപ് കുമാർ, ഷിജുലാൽ, സന്തോഷ് കുമാർ, എന്നിവർ അടങ്ങുന്ന സംഘം മൂന്ന് ദിവസം ആന്ധ്രപ്രദേശിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ പിടികൂടിയത്. കവർച്ച നടത്തിയ സ്വർണ്ണാഭരണം കോട്ടയത്തിന് സമീപം വിറ്റതായി പ്രതി സമ്മതിച്ചു. പ്രതിയുടെ കൈയിൽ നിന്നും തോക്കും മറ്റ് സാമഗ്രികളും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.