തിരുവനന്തപുരം : എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യാഴാഴ്‌ച(30.03.2023) കേരളത്തിലെത്തും. കെപിസിസി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്നതിനാണ് ഖാര്‍ഗെ എത്തുന്നത്. രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാര്‍ഗെയ്‌ക്കൊപ്പം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സിവേണുഗോപാല്‍ എന്നിവരും ഉണ്ടാകും.
പ്രസിഡന്‍റ് ഖാര്‍ഗെയുടെ ആദ്യ കേരള സന്ദര്‍ശനം: എഐസിസി അദ്ധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിപുലമായ സ്വീകരണമാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. ഡിസിസി പ്രസിഡന്‍റ് പാലോട് രവിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഖാര്‍ഗെയെ സ്വീകരിക്കും. തുടര്‍ന്ന് നൂറുകണക്കിന് പ്രവര്‍ത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിക്കും.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന സ്വീകരണ ചടങ്ങില്‍ അദ്ദേഹം സംബന്ധിക്കും. ഉച്ചയ്ക്ക് 2.40ന് ഹെലികോപ്‌ടര്‍ മാര്‍ഗം ഖാര്‍ഗെ തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്ക് പോകും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്‌ത ശേഷം 5.45ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തും. എട്ടുമണിക്ക് കൊച്ചിയില്‍ നിന്ന് അദ്ദേഹം ബെംഗളൂരുവിലേയ്‌ക്ക് പുറപ്പെടും.
അതേസമയം, വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് വ്യാഴാഴ്‌ച തുടക്കമാവുക. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്‌ഘാടന കര്‍മം നിര്‍വഹിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കള്‍ നയിക്കുന്ന വിവിധ പ്രചരണ ജാഥകള്‍ ഉണ്ടാകും.