തിരുവനന്തപുരം : ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം ഇതുവരെ സംസ്ഥാനത്തെത്തിയത് 398 മലയാളി വിദ്യാർഥികൾ. യുക്രൈനിൽനിന്ന് 189 മലയാളി വിദ്യാർഥികളാണ് ബുധനാഴ്‌ച മടങ്ങിയെത്തിയത്. വ്യാഴാഴ്‌ച ഉച്ചയോടെ 9 വിദ്യാര്‍ഥികള്‍ കൂടിയെത്തും. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ച് കൂടുതൽ വിദ്യാർഥികൾ എത്തുന്നതിനാൽ ഇവരെ കേരളത്തിലേക്കുള്ള നടപടികൾ വേഗത്തിലാക്കാന്‍ സംസ്ഥാന സർക്കാർ പ്രത്യേക ചാർട്ടേഡ് വിമാന സര്‍വീസ് ഒരുക്കിയിട്ടുണ്ട്.
ബുധനാഴ്‌ച വൈകിട്ട് 4.30ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റില്‍ 168 വിദ്യാർഥികളാണുണ്ടായിരുന്നത്. ചൊവ്വാഴ്‌ച രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുകയായിരുന്ന 36 വിദ്യാർഥികളും ബുധനാഴ്‌ച രാവിലെ എത്തിയ 134 വിദ്യാർഥികളും അടങ്ങുന്ന സംഘമാണെത്തിയത്.
യുക്രൈനിൽനിന്ന് 154 മലയാളി വിദ്യാർഥികൾകൂടി മടങ്ങിയെത്തി Also Read: ഓപ്പറേഷൻ ഗംഗ: 17,000 ഇന്ത്യക്കാർ യുക്രൈന്‍ വിട്ടു, അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ
വിദ്യാർഥികൾക്കായി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും കാസർകോടേക്കും നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഡൽഹിയിൽ ബുധനാഴ്‌ച എത്തിയ മലയാളി വിദ്യാർഥികളിൽ ഏഴുപേരെ 6.55നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ കൊച്ചിയിലേക്കും രണ്ടുപേരെ 6.55നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ കണ്ണൂരിലേക്കും, അഞ്ചുപേരെ 8.10നുള്ള എയർഏഷ്യ ഫ്ലൈറ്റിൽ കൊച്ചിയിലേക്കും യാത്രയാക്കി. അഞ്ചുപേരെ 10.45നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ തിരുവനന്തപുരത്തും എത്തിച്ചു.
ഇതുവരെ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തിയ മുഴുവൻ വിദ്യാർഥികളേയും സ്വദേശത്തേക്ക് എത്തിക്കാനായിട്ടുണ്ട്. ഇതിൽ രണ്ടുപേർ കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവരാണ്. ഒരാൾ ചൊവ്വാഴ്‌ച രാത്രിതന്നെ അബുദാബിയിലെ മാതാപിതാക്കളുടെയടുത്തേക്ക് മടങ്ങി.
വ്യാഴാഴ്‌ച എട്ട് ഫ്ലൈറ്റുകൾ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമായി സർവീസ് നടത്തുന്നുണ്ട്. ഈ വിമാനങ്ങളിലെത്തുന്ന മലയാളി വിദ്യാർഥികളേയും അതിവേഗത്തിൽ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയർപോർട്ടിൽ സജ്ജമാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.