ഒന്നാംക്ലാസില്‍ വീണ്ടും അക്ഷരമാല മുഴങ്ങുന്നു തിരുവനന്തപുരം: ഒരു പതിറ്റാണ്ടിലെ കാത്തിരിപ്പിനുശേഷം ഒന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലും മലയാളം അക്ഷരമാല തിരിച്ചെത്തി. ക്രിസ്‌മസ് അവധിക്കുശേഷം വിദ്യാർഥികൾ സ്‌കൂളിൽ എത്തിയപ്പോഴാണ് മലയാള അക്ഷരമാല ഉൾപ്പെടുത്തിയ മലയാളം മൂന്നാം വോളിയം പുസ്‌തകം കുട്ടികൾക്ക് നൽകിയത്. 2013ൽ പാഠ്യപദ്ധതിയും പാഠപുസ്‌തകവും പരിഷ്‌കരിച്ചപ്പോഴാണ് അക്ഷരമാല പുസ്‌തകത്തിൽ നിന്ന് പുറത്തായത്.
പുസ്‌തകങ്ങളിലേക്ക് അക്ഷരമാല മടക്കി കൊണ്ടുവരണമെന്ന് ഭാഷ വിദഗ്‌ധരും എഴുത്തുകാരും സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിഷ്‌കരിക്കുന്ന പാഠ്യ പദ്ധതി അനുസരിച്ച് പുതിയ പാഠപുസ്‌തകം 2024ൽ മാത്രമേ നിലവിൽ വരികയുള്ളൂ എന്ന തടസമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം അനുസരിച്ച് നിലവിലുള്ള പുസ്‌തകത്തിൽ തന്നെ ഭാഷ പരിഷ്‌കരണ സമിതി നിർദേശിച്ച രീതിയിലുള്ള പ്രത്യേക അക്ഷരമാല പേജ് ചേർത്തത്.
പാഠപുസ്‌തകത്തിൽ നേരത്തെ അക്ഷരമാലകൾ ഉണ്ടെങ്കിലും അത് ക്രമപ്രകാരം അല്ല. അംഗനവാടികളിൽ നിന്ന് കണ്ട ക്രമപ്രകാരമുള്ള അക്ഷരമാല വീണ്ടും പുസ്‌തകത്തിൽ എത്തിച്ചത് വിദ്യാർഥികൾക്ക് കൂടുതൽ ഉപകാരപ്രദമാണെന്ന് അധ്യാപകരും പറയുന്നു. അതേസമയം കഴിഞ്ഞവർഷം അച്ചടിച്ചതിൽ ബാക്കി വന്ന മൂന്നാം വോളിയം പുസ്‌തകം വിതരണം ചെയ്‌തപ്പോൾ പല സ്‌കൂളുകളിലും അക്ഷരമാല ഇല്ലാതെയാണ് പുസ്‌തകം ലഭിച്ചത്.
പഴയ സ്റ്റോക്കിലെ പുസ്‌തകങ്ങൾ സ്‌കൂളിലേക്ക് വിതരണം ചെയ്യുമ്പോൾ അക്ഷരമാലയുടെ പ്രത്യേകം തയാറാക്കിയ പേജ് പുസ്‌തകങ്ങളിൽ ഒട്ടിച്ചു വയ്‌ക്കണമെന്ന് ജില്ലകളിലെ പാഠപുസ്‌തക ഹബ്ബുകൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. വീഴ്‌ച വന്നിടങ്ങളിൽ അക്ഷര മാല പേജ് ഉടൻ തന്നെ പുസ്‌തകത്തിനൊപ്പം ഒട്ടിക്കും എന്ന് സംസ്ഥാന പാഠപുസ്‌തക ഓഫിസർ ടോണി ജോൺസൺ അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ 1, 2 ക്ലാസുകളിലെ മലയാളം പാഠ പുസ്‌തകത്തിന്‍റെ ആദ്യ വോളിയത്തിൽ തന്നെ അക്ഷരമാലയും ഉൾപ്പെടുത്തും.
നിലവിൽ രണ്ടാം ക്ലാസിലെ മലയാളം പുസ്‌തകത്തിന്‍റെ രണ്ടാം വോളിയത്തിൽ അക്ഷരമാല ഉൾപ്പെടുത്തിയിട്ടുണ്ട്.