കേരളം

kerala

ETV Bharat / state

കര്‍ക്കടക വാവിൽ പിതൃക്കള്‍ക്ക് ബലിയിട്ട് പതിനായിരങ്ങള്‍ - ബലിദർപ്പണം

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും കർക്കിടക വാവ് ദിവസത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.

കര്‍ക്കിടക വാവ്

By

Published : Jul 31, 2019, 2:26 PM IST

Updated : Jul 31, 2019, 5:00 PM IST

തിരുവനന്തപുരം: കർക്കടക ബലി തർപ്പണത്തിന് സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ക്ഷേത്രങ്ങൾ സാക്ഷിയായി. തർപ്പണത്തിന് പ്രസിദ്ധമായ വാവുദിനത്തിൽ ആയിരങ്ങളാണ് പിതൃക്കൾക്ക് ബലിയിടാൻ ക്ഷേത്രങ്ങളിൽ എത്തിയത്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും കർക്കിടക വാവ് ദിവസത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.

കര്‍ക്കടക വാവിൽ പിതൃക്കള്‍ക്ക് ബലിയിട്ട് പതിനായിരങ്ങള്‍

തിരുവനന്തപുരത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരം ഇല്ലാതിരുന്നതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് ശംഖുമുഖത്ത് ബലി തര്‍പ്പണ ചടങ്ങുകൾ നടന്നത്. സംസ്ഥാനത്തെ തന്നെ ഏക പരശുരാമ സ്വാമി ക്ഷേത്രേമായ തിരുവല്ലത്ത് മുപ്പത്തിയയ്യാരിത്തോളം പേരാണ് പിതൃക്കള്‍ക്ക് ബലിയിടാനായി എത്തിയത്. തിരുവനന്തപുരത്തെ മറ്റ് പ്രധാന കേന്ദ്രങ്ങളായ വര്‍ക്കലയിലും അരുവിക്കരും അരുവിപ്പുറത്തും നിരവധിപേരെത്തിയിരുന്നു.

വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആയിരങ്ങളുടെ പിതൃതർപ്പണത്തിന് ആറൻമുളയും സാക്ഷിയായി. പമ്പയിൽ പിതൃ തർപ്പണം നടത്തുന്നതിനും ആറൻമുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ പിതൃ പൂജ കഴിക്കുന്നതിനുമായി നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തി. പന്തളം മഹാദേവ ക്ഷേത്രം, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അമ്പലക്കടവ് വടക്കുംനാഥ ക്ഷേത്രം, കുടശ്ശനാട് തിരുമണിമംഗലം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു. പമ്പയിൽ ജലനിരപ്പ് താഴ്ന്നതും ക്ഷേത്ര കടവുകളിലെ മൺപുറ്റുകൾ നീക്കം ചെയ്യാത്തതും കർമ്മങ്ങൾക്കെത്തിയവർക്ക് മുട്ടോളം ചെളിയിൽ ഇറങ്ങി പിത്യ തർപ്പണ കർമ്മങ്ങൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കി.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രമായ ആലുവ മണപ്പുറത്ത് ചടങ്ങുകൾക്ക് പതിനായിരങ്ങളെത്തി. ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളും ശക്തമായ സുരക്ഷാ സംവിധാനങ്ങളുമാണ് മണപ്പുറത്ത് ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷം പെരിയാറിൽ വെള്ളമുയർന്നതിനെ തുടർന്ന് ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നിരുന്നില്ല. ആലുവ ശിവക്ഷേത്രത്തിൽ പുലർച്ചെ ആരംഭിച്ച തർപ്പണം നാളെ രാവിലെ വരെ തുടരും.

14 കർമ്മികളുടെ നേതൃത്വത്തിൽ ഒരേ സമയം 1600 പേർക്ക് ബലിതർപ്പണം നടത്താവുന്ന സൗകര്യങ്ങളോടെ മലപ്പുറം തിരുന്നാവായയിലും തർപ്പണ ചടങ്ങുകൾ നടന്നു. തെക്കൻ കാശിയിൽ ബലിതര്‍പ്പണം നടത്തിയാൽ പിതൃമോക്ഷം സഫലമായി എന്നാണ് വിശ്വാസം.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കാസര്‍കോട്ടെ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് ആയിരങ്ങളാണ് എത്തിയത്. ഇത്തവണ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത് രണ്ട് ദിവസങ്ങളിലായാണ്.

വയനാട് തിരുനെല്ലി മഹാവിഷ്‌ണുക്ഷേത്രത്തിൽ പതിനായിരങ്ങളാണ് പിതൃതര്‍പ്പണത്തിനായി എത്തിയത്. ദക്ഷിണകാശിയെന്നും ദക്ഷിണഗയയെന്നുമാണ് തിരുനെല്ലി അറിയപ്പെടുന്നത്. ഒരേസമയം പത്ത് ബലിത്തറകളിലായി 150 പേർക്ക് തർപ്പണം ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്.

Last Updated : Jul 31, 2019, 5:00 PM IST

ABOUT THE AUTHOR

...view details