തിരുവനന്തപുരം: ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി പ്രത്യേക സർവ്വീസ് നടത്തി കെഎസ്ആർടിസി നേടിയത് 38.88 കോടി രൂപ (KSRTC Earned 38.88 Crore By Conducting Special Service On Makaravilakku Utsav). ഇക്കാലയളവിൽ 64.25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്‌തത്. മണ്ഡലകാലം ആരംഭിച്ചതു മുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളുമാണ് നടത്തിയത്.
ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞെത്തിയ ഭക്തരെയും കൊണ്ട് വൈകീട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 വരെ ഇടവേളയില്ലാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയതായും ഇതിന് പുറമെ ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകൾ നടത്തിയതായും കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ വാർത്താക്കുറിപ്പിൽ അറിയിച്ചു.