തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ഡയറക്‌ടർ ബോർഡ് അംഗമായി മഹുവ ആചാര്യയെ ഗതാഗത മന്ത്രി ആന്‍റണി രാജു നാമനിർദേശം ചെയ്‌തു. കേന്ദ്ര സർക്കാർ സ്ഥാപനമായ കൺവേർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (CESL) മുൻ മാനേജിങ് ഡയറക്‌ടറാണ് മഹുവ ആചാര്യ. നേരത്തെ കെഎസ്ആർടിസിയുടെ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിനെയും ഡയറക്‌ടർ ബോർഡ് അംഗമായി നാമനിർദേശം ചെയ്‌തിട്ടുണ്ട്.
സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം. പ്രഗൽഭരായ പ്രൊഫഷണലുകളെ കെഎസ്ആർടിസിയിൽ കൊണ്ട് വരുന്നതിന്‍റെ ഭാഗമായാണ് നിയമനം. മഹുവ ആചാര്യ നാഷണൽ ബസ് പ്രോഗ്രാമിന്‍റെ ഭാഗമായി തുടക്കത്തിൽ 5450 ഇലക്ട്രിക് ബസുകളും അതിന് ശേഷം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് 2400 ഓളം ബസുകളും ലീസിനെടുത്ത സിഇഎസ്എല്ലിന്‍റെ മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു.
മഹുവ ആചാര്യ തയ്യാറാക്കിയ പദ്ധതിയിലൂടെ ഇ-ബസുകൾ 40 മുതൽ 60 ശതമാനം വരെ കുറഞ്ഞ വാടകയ്ക്കാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. അതേ സമയം കെഎസ്ആർടിസി ബസുകളിൽ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കണമെന്നും ഗതാഗത വകുപ്പ് ഉത്തരവിറക്കി. മിന്നൽ ബസുകൾ ഒഴികെയുള്ള മുഴുവന്‍ ബസുകളും സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അവർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ഇറക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
also read: എച്ച് 3 എന്‍ 8 പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന