തിരുവനന്തപുരം : മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് (Nipah Negative Certificate For Kerala Students) വേണമെന്ന മധ്യപ്രദേശ് ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു (Minister Dr R Bindu). ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും ഉത്തരവ് പിൻവലിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയുമായി യുജി, പിജി പ്രവേശനത്തിന് ഓപ്പൺ കൗൺസിലിംഗ് നടക്കാനിരിക്കെയാണ് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല (Indira Gandhi National Tribal University) മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.
ഇതിനോടകം നിരവധി വിദ്യാർഥികൾ കേരളത്തിൽ നിന്ന് അഡ്‌മിഷനായി സർവകലാശാലയിൽ എത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക് പുറപ്പെട്ട ശേഷമാണ് പല വിദ്യാർഥികളും ഉത്തരവിനെ കുറിച്ച് അറിയുന്നത്. എന്നാൽ നിപ പരിശോധന എളുപ്പത്തിൽ നടക്കുന്ന കാര്യമല്ലെന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച വിവരം. ഇതോടെയാണ് വിദ്യാർഥികൾ ദുരിതത്തിൽ ആയത്. വിവരം പുറത്ത് വന്നതോടെ പ്രശ്‌നപരിഹാരത്തിനായി ഡോ. വി ശിവദാസൻ എംപിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു.