തിരുവനന്തപുരം :മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എംഎ ബേബി. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ഔദ്യോഗിക വിശദീകരണം വന്നുകഴിഞ്ഞതാണ്. ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കാറെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.
അപഹാസ്യമായ ആക്ഷേപമാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത്. കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്‌ത റിപ്പോർട്ടാണ് പുറത്തുവിട്ടത്. വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യത്തോടുള്ള നീക്കമായിരുന്നു അത്. യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക് കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി ധീരമായി ത്യാഗപൂർവം പൊരുതിയ ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെയും മഹാത്മാഗാന്ധി, നെഹ്റു എന്നിവരെ പോലുള്ള നേതാക്കളെയും അനുസ്‌മരിക്കുകയാണ്. എന്നാൽ ഇന്ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ യഥാർഥ്യങ്ങളില്ലാതെ, അവകാശവാദങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മണിപ്പൂരിൽ ആളിക്കത്തുന്ന തീയ്‌ക്ക് ശമനം ഉണ്ടായിട്ടുണ്ട്. പക്ഷേ അതിന് മാസങ്ങള്‍ വേണ്ടിവന്നു. ലോകത്തിന് മുൻപിൽ ഇന്ത്യ നഗ്നമായി നിൽക്കുന്നത് പോലത്തെ സാഹചര്യം ഉണ്ടായി. ലോകത്തിന്‍റെ കൺമുമ്പിൽ നഗ്നരായി നമ്മുടെ സഹോദരിമാർ അപമാനിക്കപ്പെടുന്ന അനുഭവം ഉണ്ടായപ്പോഴും ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് അതിനെക്കുറിച്ച് ഒരക്ഷരം പോലും പറയാൻ ഉണ്ടായിരുന്നില്ലെന്നും എംഎ ബേബി പറഞ്ഞു.
സർക്കാരിന്‍റെ ചിഹ്നമായി ബുൾഡോസർ : അതിദീർഘമായ പ്രസംഗത്തിൽ അദ്ദേഹം മണിപ്പൂരിനെ കുറിച്ച് പറഞ്ഞത് നാലിൽ താഴെ മിനിട്ടാണ്. മണിപ്പൂരിൽ ഈ പ്രശ്‌നം മുഴുവൻ ഉണ്ടായത് ആർഎസ്എസിന്‍റെ സ്വത്വരാഷ്ട്രീയം അവിടെ പ്രയോഗിച്ചത് കൊണ്ടാണ്. ബിജെപി ഭരണത്തിൻ കീഴിൽ ഉത്തരേന്ത്യയിൽ ബുൾഡോസർ രാജ് ആണ് നടക്കുന്നത്.
സ്വാതന്ത്ര്യത്തിന്‍റെ 77-ാം വാർഷിക ദിനത്തിൽ കേന്ദ്ര സർക്കാരിന്‍റെ ചിഹ്നമായി ബുൾഡോസർ മാറിയിരിക്കുന്നു. ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി വളർന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ കുറിച്ച് വസ്‌തുതകളും സ്ഥിതി വിവരക്കണക്കുകളും അറിയാവുന്നവർ കേട്ട് ചിരിക്കും.