തിരുവനന്തപുരം: ഐഎൻടിയുസിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് ബിജു പ്രഭാകര്‍ സ്വന്തം പിതാവിനെ ഓർക്കണമായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ. സിഎംഡിക്ക് ഏത് ഘട്ടത്തിലും പദവി ഒഴിഞ്ഞു പോകാമെന്നും സർക്കാരും സിഎംഡിയും നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സിഎംഡിക്ക് ഏത് ഘട്ടത്തിലും പദവി ഒഴിഞ്ഞു പോകാം. മാനേജ്‌മെന്‍റ് എടുത്ത തീരുമാനങ്ങൾ എല്ലാം അംഗീകരിച്ചിട്ടുണ്ട്. ഐഎൻടിയുസിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് ബിജു പ്രഭാകര്‍ സ്വന്തം പിതാവിനെ ഓർക്കണമായിരുന്നു. ഐഎൻടിയുസി അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ല. ഇക്കാര്യം അദ്ദേഹം അന്വേഷിച്ചിട്ടില്ല.
നിജസ്ഥിതി അറിയാൻ അല്ല അദ്ദേഹത്തിന് താത്‌പര്യം. മാസവരി പിരിക്കുന്ന 150 രൂപയില്‍ 100 രൂപ തൊഴിലാളികളുടെ ക്ഷേമ നിധിയിലേക്കാണ് പോകുന്നത്. പ്രവര്‍ത്തന ഫണ്ടായി 50 രൂപ മാത്രമാണ് എടുക്കുന്നത്. സമ്മത പത്രത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പണം പിരിക്കുന്നത്. 2016ന് ശേഷം കെഎസ്ആർടിസി കണക്ക് ഓഡിറ്റ് ചെയ്‌തിട്ടില്ല. അതിന് സിഎംഡി തയ്യാറായിട്ടില്ലെന്നും എം വിൻസെന്‍റ് എംഎൽഎ പറഞ്ഞു.
യുണിയനെതിരെ ബിജു പ്രഭാകർ: നേരത്തെ അനധികൃതമായി പണം പിരിക്കുന്നുവെന്ന് ആരോപിച്ച് യുണിയനെതിരെ ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 150 രൂപ പിരിച്ചെന്നും പണം പിന്‍വലിച്ചത് തടയണമെന്നും ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ബാങ്കിന് കത്തയക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് എം വിൻസെന്‍റിന്‍റെ പ്രതികരണം.