എം വിന്‍സെന്‍റ് എംഎല്‍എ സംസാരിക്കുന്നു തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അന്ത്യം കുറിക്കുന്ന ഭരണകൂടമാണ് ഇന്ന് അധികാരത്തില്‍ ഇരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) വർക്കിങ് പ്രസിഡൻ്റ് എം വിൻസെൻ്റ് എംഎൽഎ. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അഞ്ചാം തിയതി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ചീഫ് ഓഫിസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിൻ്റെ നേതാക്കന്മാർ ഇരിക്കുന്ന കമ്മിഷനുകളിലെല്ലാം മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകാൻ സര്‍ക്കാരിൻ്റെ കൈയില്‍ പണമുണ്ട്. യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിൻ്റെ ശമ്പളം 50,000ത്തില്‍ നിന്നും ഒരു ലക്ഷമായി വർധിപ്പിച്ചതും അത് മുൻകാല പ്രാബല്യത്തിൽ നൽകുന്നതും എത്രമാത്രം ധിക്കാരപരമായ നടപടിയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു സർക്കാർ എടുക്കേണ്ട നടപടിയാണോ ഇത്. കെഎസ്ആർടിസിയെ സ്വകാര്യവത്‌കരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'കലക്ഷന്‍ കിട്ടിയിട്ടും ശമ്പളമില്ല':ജീവനക്കാർക്ക് കഴിഞ്ഞ 78 മാസമായി മാനേജ്മെൻ്റ് കൃത്യമായി ശമ്പളം കൊടുത്തിട്ടില്ല. ഓണത്തിന് ജീവനക്കാർക്ക് ഒരു ആനുകൂല്യങ്ങളും ലഭിക്കാത്ത ഒരേ ഒരു പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസി. ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 20 കോടി രൂപ കൂടി അനുവദിച്ച് എന്തുകൊണ്ടാണ് മാനേജ്മെന്‍റ് ശമ്പളം നൽകാത്തത്. 222.34 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ഡിസംബർ മാസത്തെ കലക്ഷൻ വരുമാനം. എന്നിട്ടും എന്തുകൊണ്ട് ജീവനക്കാർക്ക് ശമ്പളം നൽകാൻ തയ്യാറാകുന്നില്ല?.
കാലപ്പഴക്കംചെന്ന ബസുകളാണ് കെഎസ്ആർടിസിക്ക് നിലവിലുള്ളത്. ശബരിമലയിലേക്ക് പോകുന്നത് 10 വർഷം കാലപ്പഴക്കമുള്ള ബസുകളാണ്. പുതിയ ബസുകൾ വാങ്ങാതെ കെഎസ്ആർടിസിയെ സ്വകാര്യവത്‌കരിക്കാനാണ് മാനേജ്മെന്‍റ് നീക്കം. അഞ്ചാം തിയതി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ ജീവനക്കാർ വഞ്ചിതരായിരിക്കുന്നു. സമരം അവസാനിപ്പിക്കണമെങ്കിൽ ജീവനക്കാർക്ക് ശമ്പളം നൽകണം. അതുവരെ ചീഫ് ഓഫിസിന് മുന്നിൽ സമരം തുടരും. നാളെ മുതൽ കൂടുതൽ പ്രവർത്തകർ അണിചേരുമെന്നും എം വിൻസെൻ്റ് എംഎല്‍എ പറഞ്ഞു.
ശമ്പള കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് മാനേജ്മെൻ്റ് ലംഘിച്ചെന്ന് അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ടിഡിഎഫ് പ്രസിഡന്‍റ് തമ്പാനൂർ രവി പറഞ്ഞു. റെക്കോഡ് വരുമാനം ലഭിച്ചിട്ടും ശമ്പളമില്ല. നിവൃത്തിയില്ലാതെയാണ് ജീവനക്കാർക്ക് ഭിക്ഷാപാത്രവുമായി ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.