തിരുവനന്തപുരം: കോളജ് പഠന കാലം മുതലുള്ള ബന്ധമായിരുന്നു കാനവുമായി ഉണ്ടായിരുന്നതെന്ന് സിപിഐ നേതാവ് എം വിജയകുമാർ. വലിയൊരു സംഘാടകനായിരുന്നു കാനം. സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. നമ്മളെക്കാൾ കുറച്ച് മുന്നേ വന്ന നേതാവായിരുന്നു അദ്ദേഹം. കോളേജിൽ പഠിക്കുന്ന കാലം മുതൽ ബന്ധമുണ്ട്. യുവജനങ്ങളുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നേതാവായിരുന്നു അദ്ദേഹം.
അദ്ദേഹം നിയമസഭയിൽ എത്തിയപ്പോഴുള്ള പ്രകടനം ഇപ്പോഴും എന്‍റെ മനസിലുണ്ട്. ശ്രദ്ധേയനായ പാർലിമെന്‍റേറിയനായിരുന്നു. കൂടുതൽ തവണ നിയമസഭയിൽ എത്തിയിരുന്നെങ്കിൽ ചിത്രം വേറെയാകുമായിരുന്നു. പോരാട്ടത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച നേതാവായിരുന്നു അദ്ദേഹം. സിപിഐ യുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വളരെ തന്മയത്വത്തോട് കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. ഇത്രയും ആരാധകരുള്ള നേതാക്കളെ അധികം കാണാനാകില്ലെന്നും എം വിജയകുമാർ പറഞ്ഞു (M Vijayakumar About Kanam Rajendran).
വിടവാങ്ങിയത് ഇടതുമുന്നണിയുടെ നേതാവെന്ന് എ കെ ബാലൻ:കാനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യത്തിനും യോജിച്ച പ്രവർത്തനത്തിനും അതിശക്തമായ നേതൃത്വം കൊടുത്ത നേതാവെന്ന് എ കെ ബാലൻ. പൊതുവിൽ ജനങ്ങൾക്കിടയിൽ മായാത്ത വ്യക്തിത്വം നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും അതിന്‍റെ സർക്കാരിനെയും ഒരു ശക്തിക്കും തകർക്കാനാകില്ല എന്ന സന്ദേശം അദ്ദേഹത്തിന്‍റെ പ്രവർത്തനം നൽകി.