തിരുവനന്തപുരം:നോട്ട് അസാധുവാക്കൽ വിഷയം സിപിഎം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവിച്ചതുപോലെ മോദി സർക്കാരിന്‍റെ നടപടിയെ ഒരു തരത്തിലും അനുകൂലിക്കുന്നതല്ല സുപ്രീംകോടതി വിധിന്യായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നോട്ട് അസാധുവാക്കാനുള്ള തീരുമാനമെടുക്കാൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് മാത്രമാണ് ഭൂരിപക്ഷ വിധിന്യായം പറഞ്ഞത്. എന്നാൽ, ഈ നടപടിപോലും നിയമവിരുദ്ധമാണെന്നാണ് വിയോജന വിധി പറഞ്ഞതെന്നും എം വി ഗോവിന്ദൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
നോട്ട് നിരോധനം ഭരണഘടനാപരമായാണോ എന്നതില്‍, നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുടെ വിധിയില്‍ പറഞ്ഞത്. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണ്. നോട്ട് നിരോധനം നിയമനിര്‍മ്മാണത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നതാണ്.
നിയമം പാലിച്ചായിരുന്നു നടപടികള്‍ മുന്നോട്ട് പോകേണ്ടിയിരുന്നതെന്നും ജസ്റ്റിസ് നാഗരത്‌നയുടെ ന്യൂനപക്ഷ വിധിയില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നിറവേറ്റിയോ, അതുണ്ടാക്കിയ മാനുഷിക ആഘാതം എത്ര ആഴത്തിൽ ഉള്ളതാണെന്നോ പരിശോധിക്കാൻ വിസമ്മതിച്ച പരമോന്നത നീതിപീഠം, എക്‌സിക്യൂട്ടീവ് കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാണോ എന്ന പരിശോധന മാത്രമാണ് നടത്തിയത്. ഈ പരിശോധനയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലുപേർ സർക്കാർ നിയമലംഘനം നടത്തിയിട്ടില്ലെന്ന് വിധിച്ചപ്പോൾ വിയോജന വിധിയെഴുതിയ ജസ്റ്റിസ് ബി വി നാഗരത്‌ന നോട്ട് അസാധുവാക്കൽ നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ചു.