എം വി ഗോവിന്ദൻ വിദ്യാർഥികളുമായി സംവദിക്കുന്നു തിരുവനന്തപുരം :അധ്യാപകൻ ആകാനാണ് ആഗ്രഹിച്ചതെന്നും അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസമാണ് തന്നെ മുഴുവൻ സമയ രാഷ്‌ട്രീയക്കാരനാക്കി മാറ്റിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുവനന്തപുരം ഗവൺമെന്‍റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴാണ് തന്‍റെ രാഷ്‌ട്രീയ ജീവിതവും അധ്യാപക ജീവിതവും വെല്ലുവിളികളുമെല്ലാം എം വി ഗോവിന്ദൻ തുറന്നുപറഞ്ഞത്. തുടക്കം മുതൽ ഒരു അധ്യാപകൻ്റെ ശൈലിയിൽ വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിച്ചാണ് അദ്ദേഹം സംവാദം ആരംഭിച്ചത്.
തികച്ചും അരക്ഷിതമായ കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് കടന്നുവന്നതെന്നും പട്ടിണിയറിഞ്ഞാണ് വളർന്നതെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. അധ്യാപകനാകുക എന്നതായിരുന്നു തൻ്റെ ആഗ്രഹം. പത്തൊൻപതാം വയസിൽ തന്നെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
എന്നാൽ ജോലിയുടെ തുടക്കത്തിൽ തന്നെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധത്തിന്‍റെ ഭാഗമായി പണിമുടക്കിൽ പങ്കാളിയായി. അടിയന്തരാവസ്ഥയാണ് തന്നെ മുഴുവൻ സമയ രാഷ്‌ട്രീയക്കാരനാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം മനസിലെ ഭയം ഇല്ലാതാക്കി.
ഇതിനുശേഷം പൂർണ സമയ രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങി. ഡിവൈഎഫ്‌ഐയിലും സിപിഎമ്മിലും വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചു. മൂന്ന് തവണ എം എൽ എയായി, മന്ത്രിയായി ഇപ്പോൾ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. മന്ത്രി ആയപ്പോൾ നടപ്പിലാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ എം വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ തെല്ലും വിഷമം തോന്നിയില്ലെന്നും വ്യക്തമാക്കി.
സമകാലിക രാഷ്‌ട്രീയ ചോദ്യങ്ങൾ വിദ്യാർഥികളും ഉന്നയിച്ചു. ഓരോ ചോദ്യങ്ങൾക്കും സിപിഎം സംസ്ഥാന സെക്രട്ടറി തന്‍റെ തനത് ശൈലിയിൽ വിശദമായ മറുപടിയാണ് നൽകിയത്.