തിരുവനന്തപുരം:ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് വി. ജോയ് തിരഞ്ഞെടുക്കപ്പെട്ടത് ഏകകണ്‌ഠമയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജില്ല കമ്മിറ്റിയിലടക്കം ചർച്ച ചെയ്‌താണ് സെക്രട്ടറിയെ നിശ്ചയിച്ചത്. ഒറ്റ പേര് മാത്രമാണ് ചർച്ചകളിൽ ഉയർന്നത്.
വി ജോയ് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏകകണ്‌ഠമായെന്ന് എം വി ഗോവിന്ദന്‍ - cpim tvm district
തിരുവനന്തപുരം സിപിഎം ജില്ല കമ്മിറ്റിയില്‍ സംഘടനാപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കൃത്യമായി കൈകാര്യം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി
ആനവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയെങ്കിലും ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാൻ സാവകാശം നൽകിയത് പാർട്ടി ചർച്ച ചെയ്‌താണ്. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ജോയിയുടെ പേര് സംസ്ഥാന കമ്മിറ്റി നിർദേശിച്ചതല്ല. ജില്ല കമ്മിറ്റിയിൽ ചർച്ച നടത്തി തിരഞ്ഞെടുത്തതാണ്. എംഎൽഎ ആയ ഒരാൾ ജില്ല സെക്രട്ടറി സ്ഥാനത്തിരിക്കുന്നതിൽ ഒരു അപാകതയും ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു. ജില്ലയിലെ സിപിഎം സംഘടന സംവിധാനത്തിൽ യാതൊരു പ്രശ്‌നങ്ങളുമില്ല.
അത്തരത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാലും അതിനെ കൈകാര്യം ചെയ്യാൻ പാർട്ടിക്ക് അറിയാം. അതിൽ ആരും ഉത്കണ്‌ഠപ്പെടേണ്ടതില്ല. തെറ്റായ എന്ത് പ്രവണതയുണ്ടെങ്കിലും അത് തിരുത്തും എന്നതാണ് സിപിഎം നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു.