തിരുവന്തപുരം : യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സര്‍ക്കാരിന്‍റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന നിഷേധാത്മക സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍. വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത് യുഡിഎഫിന്‍റെ അന്ത്യം വരുത്തുമെന്നും എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നൽകി.
കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ യോജിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അല്ലാതെ ഒരു കാര്യവുമില്ലാതെ എതിര്‍ക്കരുത്. ഇത്തരം നിഷേധാത്മക സമീപനം യുഡിഎഫിന്‍റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ ഫോണിലും എ ഐ കാമറ പദ്ധതിയിലും ഇതേ സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സുരക്ഷിത കേരളം ഒരുക്കാനാണ് എ ഐ കാമറ പദ്ധതി. അത് കൃത്യമായി തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുമായുളള യാത്ര സംബന്ധിച്ച് ചില ആശങ്കകളുണ്ടായിരുന്നു. അത് പരിഹരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. 12 വയസുവരെയുള്ള കുട്ടികളുമായുള്ള യാത്രയ്ക്ക് പിഴയില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതോടെ ആ ആശങ്കയും ഒഴിഞ്ഞുവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
സേഫ് കേരള എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകും. പദ്ധതിയെ പിക്കറ്റ് ചെയ്യും, കാമറയ്ക്ക് മുന്നില്‍ സത്യഗ്രഹം കിടക്കുമെന്നെല്ലാമാണ് പ്രതിപക്ഷം പറയുന്നത്. അങ്ങനെ എന്ത് സമരം ചെയ്‌താലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകും. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. കോണ്‍ഗ്രസിനും ബിജെപിക്കും മാത്രമുള്ള കാമറ എന്നെല്ലാം പറയുന്നത് ശരിയല്ല. എല്ലാവരുടേയും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് പദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നും അനുവദിക്കില്ലെന്ന നിലപാട് ശരിയല്ല. പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. 12 പോയിന്‍റുകള്‍ എണ്ണി പറഞ്ഞാണ് മറുപടി നല്‍കിയത്. അതിനുശേഷം പ്രതിപക്ഷം ഒന്നും പറഞ്ഞില്ലെന്നും ഗോവിന്ദൻ അറിയിച്ചു.
236.25 കോടിയുടെ പദ്ധതിയില്‍ 132 കോടി അഴിമതിയെന്ന് പറയുന്നത് ശരിയല്ല. സര്‍ക്കാര്‍ പദ്ധതിക്കായി ഒരു നയാപൈസയും ചെലവാക്കിയിട്ടില്ല. 20 ഗഡുക്കളായി 5 വര്‍ഷം കൊണ്ടാണ് പണം നല്‍കുക. എന്നിട്ടാണ് ഇപ്പൊഴേ അഴിമതിയെന്ന് പ്രതിപക്ഷം പറയുന്നത്. ഇത് അസംബന്ധമാണ്. ഇത്തരം അസംബന്ധ പ്രചാരവേല നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു.