തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി സസ്‌പെന്‍ഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഔദ്യോഗിക കാറില്‍ അദ്ദേഹം സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെത്തി. എന്നാല്‍ അദ്ദേഹത്തിന്‍റെ തസ്‌തിക സംബന്ധിച്ച വിവരം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2020 ജൂലൈ 17ന് സസ്‌പെന്‍ഷനിലായ ശിവശങ്കറിനെ ജനുവരി 5 മുതല്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചുകൊണ്ട് ചീഫ് സെക്രട്ടറി വി.പി.ജോയി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കസ്‌റ്റംസും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലെ പ്രതിയാണ് മുന്‍ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കര്‍.