തിരുവനന്തപുരം: 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഇത്തരത്തിൽ ഇടപെടലുകൾ നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ജയചന്ദ്രൻ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.
ഇത് സംബന്ധിച്ച് കൂടുതൽ അറിവ് തനിക്കില്ല. താൻ എപ്പോഴും പറയുന്ന ഒരു കാര്യമേ ഉള്ളു. സത്യമേവ ജയതേ. എന്താണോ സത്യം അത് ജയിക്കട്ടെ. ആ സത്യം എന്താണെന്ന് എല്ലാവരും കണ്ടു പിടിക്കട്ടെ. അവാർഡ് ജൂറിക്ക് മുൻപിൽ വരുന്ന സിനിമകളിൽ മുഖം നോക്കാതെ ഏറ്റവും നല്ലത് നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.
ഒരാൾക്ക് എത്ര തവണ അവാർഡ് കിട്ടി എന്നതനുസരിച്ചാണോ അവാർഡ് കൊടുക്കുകയും കൊടുക്കാതിരിക്കുകയും ചെയ്യുന്നതെന്നും ജയചന്ദ്രൻ ചോദിച്ചു. ഒരാൾ ചെയ്‌ത വർക്ക് നല്ലതാണെങ്കിൽ ആർക്കാണെങ്കിലും അവാർഡ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സംഗീത സംവിധായകൻ, ഗായിക, ഡബ്ബിങ് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് ലഭിച്ചത്. എം ജയചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത്. സംഗീതത്തോടുള്ള സ്‌നേഹമാണ് തന്നെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് ജയചന്ദ്രൻ പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നാലെ പോകാൻ താത്പര്യപ്പെടുന്നില്ല. തന്‍റെ സംഗീതത്തെ പോലെ തന്നെയും സ്നേഹിക്കുന്നതിൽ നന്ദിയുണ്ട്. സംഗീതത്തെ ബഹുമാനിച്ചാൽ അത് തിരിച്ചും ബഹുമാനിക്കും. തനിക്ക് തുടർച്ചയായി അവാർഡുകൾ കിട്ടുന്നത് മാജിക് അല്ല മാജിക്കൽ റിയലിസം ആണ്. മാജിക് ആണെന്ന് തോന്നും പക്ഷേ യഥാർഥത്തിൽ ഇത് ഹാർഡ് വർക്കാണ്.