അനിൽ അക്കരക്കെതിരെ എംബി രാജേഷ് തിരുവനന്തപുരം:ലൈഫ് മിഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇതുവരെ നടത്തിയ വിമര്‍ശനങ്ങളെ കുഴിച്ചുമൂടുന്നതാണ് അനില്‍ അക്കര പുറത്തുവിട്ട കത്തെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ വാദങ്ങൾ സാധൂകരിക്കുന്നതാണ് അനിൽ അക്കര പുറത്തുവിട്ട കത്തെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
യുണിടാക്കുമായി ലൈഫ് മിഷന് ഒരു കരാറും വച്ചിട്ടില്ലെന്ന് ഇതിൽ വ്യക്തമാണ്. ഇതു തന്നെയല്ലേ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയത്. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്നും മന്ത്രി ചോദിച്ചു. കത്ത് തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയാണ് പ്രതിപക്ഷത്തിന്. കത്ത് സർക്കാരിന് അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു.
കത്ത് പ്രതിപക്ഷ നേതാവ് സാധൂകരിച്ചു. അദ്ദേഹത്തിന് ഇനി പുനർച്ചിന്തനമുണ്ടോയെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷം മാപ്പ് പറയണം. വടക്കാഞ്ചേരിയിൽ ഭവനസമുച്ചയം നിർമിച്ച യൂണിടാക്കുമായി ലൈഫ് മിഷൻ ഒരു കരാറുമില്ലെന്ന് അനിൽ അക്കര പുറത്തുവിട്ട കത്തിൽ തന്നെ പറയുന്നുണ്ട്. കരാർ ഒപ്പുവച്ചതും പൈസ കൊടുത്തതും യുഎഇയിലെ സംഘടനയായ റെഡ്ക്രസന്‍റാണ്.
സർക്കാർ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടില്ല. യൂണിടാക്കും റെഡ് ക്രസന്‍റുമായുള്ള കരാറിന്‍റെ വിവരങ്ങൾ സർക്കാരിന് അറിവുള്ള കാര്യമല്ല. അവരുമായി യാതൊരു സാമ്പത്തിക ബാധ്യതയും സർക്കാരിനില്ലെന്നും അനിൽ അക്കര പുറത്തുവിട്ട കത്തിൽ വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്പോൺസർഷിപ്പിലൂടെ വീടുവയ്ക്കുക എന്നത് സർക്കാർ നയമാണ്.
റെഡ് ക്രസന്‍റിന്‍റെ വാഗ്‌ദാനം സർക്കാർ സ്വീകരിച്ചിരുന്നെങ്കിലും പണം വാങ്ങിയില്ല. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വീടുവച്ചത്. സർക്കാർ ഉദ്യോഗസ്ഥർ അഴിമതിയിൽ ഉൾപ്പെട്ടെങ്കിൽ വിജിലൻസ് അന്വേഷിക്കും. ഇക്കാര്യത്തിൽ സർക്കാർ കക്ഷിയല്ല. സ്പോൺസർഷിപ്പിന് വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനത്തിന്‍റെ പ്രശ്‌നമില്ല. ഭൂമി വിട്ടു കൊടുത്ത് നിർമാണത്തിനു മേൽനോട്ടം വഹിക്കുക മാത്രമാണ് സർക്കാർ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു.
ആരോപണവുമായി അനിൽ അക്കര: വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ലംഘിക്കുന്ന തീരുമാനം എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലെന്ന ആരോപണവുമായാണ് വടക്കാഞ്ചേരി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര കത്ത് പുറത്തുവിട്ടത്.
ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ് തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിലാണ് നടന്നത്. അതാണ് സ്വപ്‌നയുടെ ചാറ്റിലുള്ളത്. എഫ്‌സിആര്‍എയുടെ ലംഘനത്തിന്‍റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അനില്‍ അക്കര പുറത്തുവിട്ട കത്തിൽ പറയുന്നു.
സര്‍ക്കാരില്‍ നിന്ന് എംഎല്‍എ എന്ന നിലയില്‍ അന്ന് ലഭിച്ച രേഖയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തദ്ദേശവകുപ്പ് മന്ത്രി ഇല്ലാതെയാണ് അന്ന് യോഗം നടന്നത്. ലൈഫ് മിഷനിലേക്ക് റീബില്‍ഡ് കേരളയില്‍ നിന്ന് പ്രോജക്‌ട് പോകുന്നത് 12 മണിക്കൂറിനുള്ളിലാണ്.
വേണുവെന്ന സത്യസന്ധനായ ഐഎഎസ് ഉദ്യോഗസ്ഥനെ കൊണ്ട് ഒപ്പിടീക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയാണ് പഴയകാലത്തെ ചങ്ങാതി യു.വി ജോസിന്‍റെ കൈയില്‍ കൊടുത്തതെന്നും അനില്‍ അക്കര കുറ്റപ്പെടുത്തിയിരുന്നു.