തിരുവനന്തപുരം :സംസ്ഥാനത്ത് ആദ്യമായി ജൻറം എ.സി ലോ ഫ്ലോര്‍ ബസുകള്‍ പൊളിക്കുന്നു. 10 ബസുകളാണ് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊളിക്കുന്നത്. രണ്ട് വര്‍ഷമായി കൊച്ചി തേവരയില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന 28 ബസുകളില്‍ 10 എണ്ണമാണ് പൊളിക്കുക. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് കെഎസ്ആര്‍ടിസി നിയോഗിച്ച കമ്മിറ്റി പരിശോധിച്ചാണ് തീരുമാനം. ആദ്യമായിട്ടാണ് ലോ ഫ്ലോര്‍ ബസ് സ്‌ക്രാപ്പ് ചെയ്യാന്‍ തീരുമാനിക്കുന്നത്.
ഈ വാഹനങ്ങള്‍ ഡിമാന്‍ഡ് വരുമ്പോള്‍ റിപ്പയര്‍ ചെയ്‌ത് ഉപയോഗിക്കാമെന്നായിരുന്നു മാനേജ്‌മെന്‍റ് എടുത്തിരുന്ന നിലപാട്. എന്നാല്‍ ഹൈക്കോടതി ഇതിനെ വിമര്‍ശിച്ചിരുന്നു. ബസുകള്‍ നശിപ്പിക്കാതെ വില ലഭിക്കുന്ന രീതിയില്‍ വില്‍ക്കാമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി വിദഗ്‌ധ സമിതിയെ നിയോഗിച്ചത്.
കെഎസ്ആര്‍ടിസി എഞ്ചിനീയര്‍മാരെ കൂടാതെ മോട്ടോര്‍ വാഹന വകുപ്പ്, തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്‌ധ സമിതി ബസുകള്‍ പരിശോധിച്ചു. അറ്റകുറ്റപ്പണിക്ക് വര്‍ധിച്ച ചിലവ് വരുന്ന 10 ബസുകള്‍ പൊളിക്കുന്നതിനാണ് ശുപാര്‍ശ നല്‍കിയത്. ഈ ബസുകള്‍ക്ക് കുറഞ്ഞത് 21ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപയെങ്കിലും ചിലവഴിച്ചാലേ നിരത്തിലിറക്കാനാകുകയുള്ളൂവെന്നാണ് കണ്ടെത്തല്‍.
നിലവിലെ ഡീസല്‍ വിലയില്‍ കുറഞ്ഞ മൈലേജുള്ള ഈ ബസുകള്‍ക്ക് ലാഭകരമായി സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കൂടാതെ ദീര്‍ഘ ദൂര സര്‍വീസിന് ഉപയോഗിക്കാന്‍ കഴിയുന്ന സീറ്റുകളല്ല ഇവയ്ക്കുള്ളത്. കൂടാതെ ഫിറ്റ്‌നസ് സര്‍ഫിക്കറ്റ് ലഭിക്കുന്നത് ഉള്‍പ്പടെയുള്ള വര്‍ധിച്ച ചിലവും, 11 വര്‍ഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചുമാണ് തീരുമാനം.
പൊളിക്കുന്ന ബസുകളുടെ എഞ്ചിനും, മറ്റ് ഉപയോഗ യോഗ്യമായ ഭാഗങ്ങളും ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികള്‍ ആവശ്യമായ 18 ബസുകളില്‍ ഉപയോഗപ്പെടുത്തിയാല്‍ ഏകദേശം 2 കോടി രൂപ ലാഭിക്കാം. കൂടാതെ 1.5 കോടി രൂപയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കൂടി ലഭ്യമാക്കിയാല്‍ പ്രസ്‌തുത ബസുകള്‍ സര്‍വീസിന് സജ്ജമാക്കാന്‍ സാധിക്കുമെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. മറ്റ് 920 നോണ്‍ എ.സി ബസുകളും പൊളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 620 ബസുകള്‍ സ്‌ക്രാപ്പ് ചെയ്‌ത് ലേലം ചെയ്യും.
300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍ ആക്കുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത്. നാല് ബസുകള്‍ ഇതിനകം തന്നെ കാര്യവട്ടം കാമ്പസില്‍ ക്ലാസ് മുറികളായിട്ടും, ഭീമനാട് യുപി സ്‌കൂളില്‍ ലൈബ്രറിയായിട്ടും നല്‍കിയിട്ടുണ്ട്. രണ്ട് ലോ ഫ്ലോര്‍ ബസുകള്‍ മണക്കാട് സ്‌കൂളിലെ ക്ലാസ് മുറിയായി ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കാത്ത ഏതാണ്ട് 500 ഓളം ബസുകള്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ കിടക്കുന്നുണ്ട്. ഇവ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കിട്ടുന്ന മുറയ്ക്ക് സര്‍വീസിന് ഉപയോഗിക്കാനുമാണ് മാനേജ്‌മെന്‍റ് തീരുമാനം.