തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കളഞ്ഞു കിട്ടിയ തുക യാത്രക്കാരന് തിരിച്ചു നൽകി ബസ് കണ്ടക്‌ടര്‍ മാതൃകയായി. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ വനിത കണ്ടക്‌ടര്‍ ശ്യാമളയാണ് കളഞ്ഞുകിട്ടിയ 36,000 രൂപ യാത്രികന് തിരിച്ചുനൽകിയത്. ജാർഖണ്ഡ് സ്വദേശി അനിൽകുമാറിന്‍റെ പണമാണ് നഷ്ടപ്പെട്ടത്.
കളഞ്ഞു കിട്ടിയ തുക തിരിച്ചു നൽകി; മാതൃകയായി കണ്ടക്‌ടര്‍ - നെയ്യാറ്റിൻകര
നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ വനിത കണ്ടക്‌ടര്‍ ശ്യാമളയാണ് കളഞ്ഞുകിട്ടിയ 36,000 രൂപ യാത്രികന് തിരിച്ചുനൽകിയത്.
![കളഞ്ഞു കിട്ടിയ തുക തിരിച്ചു നൽകി; മാതൃകയായി കണ്ടക്‌ടര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3987744-thumbnail-3x2-ksrtc.jpg)
നെയ്യാറ്റിൻകര ഡിപ്പോയിലെ ആർസിഇ 431 ബസ് മൂന്നാറിൽ നിന്നും നെയ്യാറ്റിൻകരയിലേക്ക് പോകുന്നതിനിടയിൽ കല്ലാറിൽ അനിൽകുമാർ ഇറങ്ങുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്ന ശ്യാമള തന്‍റെ സീറ്റിന് പിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട നോട്ടുകെട്ട് ശ്രദ്ധിക്കുകയും തുടർപരിശോധനയിൽ ഇത് പണം ആണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഈ വിവരം ഡ്രൈവർ അനിൽ ദാസിനെയും ശ്യാമള അറിയിച്ചു. ബസ്സിലെ മറ്റു യാത്രക്കാരുടെ സാന്നിധ്യത്തിൽ അഞ്ഞൂറിന്‍റെ 72 നോട്ടുകൾ ആണ് ഉണ്ടായിരുന്നത് എന്ന് ഉറപ്പു വരുത്തി.
തുടർന്ന് ഈ വിവരം നെയ്യാറ്റിൻകര ഡിപ്പോ അധികൃതരെ അറിയിച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് ലഭിച്ച നിർദേശപ്രകാരം ഡ്യൂട്ടി കഴിയുമ്പോൾ ലഭിച്ച 36,000 രൂപ കളക്ഷനോടൊപ്പം അടയ്ക്കാൻ നിർദേശിച്ചു. ഇപ്രകാരം പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ ശ്യാമള തുക ഡിപ്പോ അധികൃതരെ ഏൽപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതായി അറിഞ്ഞ ഉടൻ അനിൽകുമാർ കെഎസ്ആർടിസി സെൻട്രലുമായി ബന്ധപ്പെട്ടിരുന്നു. പണം ലഭിച്ചിട്ടുണ്ടെന്നും തുക നെയ്യാറ്റിൻകരയിൽ എത്തി വാങ്ങാനും നിർദേശം ലഭിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിപ്പോയിലെത്തിയ അനിൽകുമാർ എടിഒ സജീവില്‍ നിന്ന് ശ്യാമളയുടെ സാന്നിധ്യത്തിൽ പണം ഏറ്റുവാങ്ങുകയായിരുന്നു. ആലുംമൂട് ഇടക്കുളം സ്വദേശിനിയാണ് ശ്യാമള. പോലീസ് ഉദ്യോഗസ്ഥനായ ഡി എ മോഹൻദാസ് ആണ് ശ്യാമളയുടെ ഭര്‍ത്താവ്.