തിരുവനന്തപുരം: മഹാവിഷ്‌ണുവിന്‍റെ വിശ്വരൂപ ശിൽപമുണ്ടാക്കാൻ നടൻ മോഹൻലാൽ നാഗപ്പനെ ചുമതലപ്പെടുത്തിയപ്പോൾ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിൽപമാണ് കരവിരുതിൽ പിറന്നത്. വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജിലെ ശിൽപിയായ നാഗപ്പനും സംഘവുമാണ് മഹാഭാരതകഥയെ തടിയിൽ തീർത്ത ശിൽപത്തിലേക്ക് മാറ്റിയെഴുതിയത്. പതിനൊന്ന് മുഖമുള്ള വിശ്വരൂപം, മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണൻ. കൂടാതെ, മഹാഭാരതത്തിലെ നാഞ്ഞൂറോളം കഥാപാത്രങ്ങളും; പത്തടി ഉയരമുള്ള പടുകൂറ്റൻ ശിൽപത്തിന്‍റെ പ്രത്യേകതകളേറെ.
മോഹൻലാലിന് വേണ്ടി മഹാവിഷ്‌ണുവിന്‍റെ വിശ്വരൂപ ശിൽപം - vishwaroopa sculpture
ഗണപതിക്ക് വ്യാസൻ മഹാഭാരതകഥ പറഞ്ഞു കൊടുക്കുന്നത് മുതൽ ഇതിഹാസകഥയുടെ തുടക്കവും ഒടുക്കവും നാഗപ്പനും സംഘവും പത്തടി ഉയരമുള്ള പടുകൂറ്റൻ ശിൽപത്തിൽ ഒരുക്കിയിട്ടുണ്ട്. മോഹൻലാലിന്‍റെ ചെന്നൈയിലെ വീട്ടിലേക്ക് വേണ്ടിയാണ് ശിൽപം തയ്യാറാക്കുന്നത്
ഗണപതിക്ക് വ്യാസൻ മഹാഭാരതകഥ പറഞ്ഞു കൊടുക്കുന്നത് മുതലുള്ള ഭാഗങ്ങൾ ശിൽപത്തിൽ കാണാം. ഇതിഹാസകഥയുടെ ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ പ്രധാനപ്പെട്ട സംഭവവികാസങ്ങളും ഉൾപ്പെടുത്തി ശിൽപി തന്‍റെ കലയെ രൂപപ്പെടുത്തി. അങ്ങനെ വിശ്വരൂപത്തിന്‍റെ പ്രതിമ ലോക റെക്കോർഡിനുള്ള ലക്ഷ്യത്തിലാണ്. മോഹൻലാലിന്‍റെ ആവശ്യപ്രകാരം രണ്ടര വർഷം മുമ്പാണ് ശിൽപത്തിന്‍റെ നിർമാണം ആരംഭിച്ചത്. മുമ്പും ആറടി ഉയരത്തിൽ മോഹൻലാലിനായി മഹാവിഷ്‌ണുവിന്‍റെ വിശ്വരൂപ ശിൽപം നിർമിച്ചു നൽകിയിട്ടുണ്ട്. അതേ തുടർന്നാണ് വീണ്ടും ഒരു വലിയ ശിൽപം നിർമിക്കാൻ നാഗപ്പനെ താരം ചുമതലപ്പെടുത്തിയതും ലോകവിസ്‌മയമായി ശിൽപം പിറന്നതും.
കഴിഞ്ഞ 40 വർഷമായി ശിൽപകലാ രംഗത്ത് സജീവമാണ് നാഗപ്പൻ. മരത്തിൽ തീർക്കുന്ന അദ്ദേഹത്തിന്‍റെ ശിൽപങ്ങൾ തേടി വേറെയും സിനിമാ താരങ്ങളും പ്രമുഖരും എത്താറുണ്ട്. നാഗപ്പനൊപ്പം രാധ കൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജയൻ, ഭാഗ്യരാജ്, സോമൻ, സജു, ശിവാനന്ദൻ, കുമാർ എന്നിവരാണ് വിശ്വരൂപ ശിൽപത്തിന്‍റെ നിർമാണത്തിൽ പങ്കുചേർന്നത്. രണ്ടു മാസത്തിനകം ശിൽപം പൂർത്തിയാക്കി മോഹൻലാലിന് കൈമാറുമെന്ന് നാഗപ്പൻ പറയുന്നു. സൂപ്പർതാരത്തിന്‍റെ ചെന്നൈയിലെ വീട്ടിലേക്ക് വേണ്ടിയാണ് ശിൽപം.