തിരുവനന്തപുരം :മന്ത്രിസഭായോഗം എടുക്കുന്ന തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോയെന്നതില്‍ ലോകായുക്തയും ഉപലോകായുക്തമാരും തമ്മില്‍ അഭിപ്രായ ഭിന്നത. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിൽ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലാണ് ഭിന്നാഭിപ്രായമുണ്ടായത്.
അഭിപ്രായ ഭിന്നത ഇങ്ങനെ : ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ അഴിമതിയോ സ്വജനപക്ഷപാതമോ കാണാനായില്ലെന്ന് വ്യക്തമാക്കുകയും എന്നാല്‍ നടപടിക്രമങ്ങളില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നു ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫ്. കൂടാതെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സെക്ഷൻ 2 (0) പ്രകാരം ക്യാബിനറ്റ് പബ്ലിക് സർവെന്‍റിന്‍റെ കീഴിൽ വരില്ലെന്നും അതിനാൽ മന്ത്രിസഭ എടുത്ത തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും ഉപലോകയുക്തമാരായ ബാബു മാത്യു പി ജോസഫും ഹാറൂൺ റഷീദും അറിയിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രത്യേക അധികാരങ്ങളുണ്ടെന്നും ഇവർ കൂടിച്ചേരുന്ന ക്യാബിനറ്റിനും സ്വതന്ത്രമായ അധികാരങ്ങളുണ്ടെന്നും അതിനാൽ ഹർജി പരിഗണനാ വിഷയമല്ലെന്നും ബാബു മാത്യു പി ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഴിമതിക്ക് തെളിവില്ലാത്തതിനാല്‍ തുടരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ബെഞ്ച് ഏകകണ്‌ഠമായി വിധിച്ചു. മൂന്ന് ലക്ഷം രൂപ വരെ നല്‍കാന്‍ മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. അതിന് മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇവിടെ അത് പാലിച്ചിട്ടുണ്ടെന്നും അവര്‍ വിധിയിൽ പറഞ്ഞു.