തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനുവദിക്കുന്നതില്‍ സ്വജന പക്ഷപാതം കാട്ടിയെന്ന കേസ് വിധി പറയാതെ ഫുള്‍ ബെഞ്ചിന് കൈമാറിയ ലോകായുക്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും താത്കാലിക ആശ്വാസമാണെങ്കിലും പ്രതിപക്ഷം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. കെ.ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭയപ്പെടുത്തി നേടിയ വിചിത്ര വിധിയെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ് ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ കേസിന്‍റെ വിചാരണ ഘട്ടത്തിന്‍റെ തുടക്കത്തില്‍ കേസ് നിലനില്‍ക്കുമോ എന്നതു സംബന്ധിച്ച പ്രാഥമിക വാദം 2022 ഫെബ്രുവരി അഞ്ച് മുതല്‍ മാര്‍ച്ച് 18 വരെ നടക്കുകയും ലോകായുക്തയും രണ്ട് ഉപലോകായുക്തയുമടങ്ങിയ ഫുള്‍ ബഞ്ച് ഈ കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയ ശേഷമാണ് ഈ കേസിന്‍മേല്‍ യഥാര്‍ത്ഥ വാദപ്രതിവാദം തുടങ്ങുന്നത്. അപ്പോള്‍ ഒരിക്കല്‍ ലോകായുക്ത ഫുള്‍ബെഞ്ച് നിലനില്‍ക്കും എന്നു കണ്ടെത്തിയ ഒരു കേസ് വീണ്ടും നിലനില്‍ക്കുമോ എന്നു പരിശോധിക്കാന്‍ അതേ ഫുള്‍ ബെഞ്ചിനു കൈമാറുന്ന വിചിത്ര വിധിയെന്നാണ് ലോകായുക്തയ്‌ക്കെതിരെ സതീശന്‍ തൊടുക്കുന്ന ചോദ്യം.
സതീശന്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം, വിചാരണ പൂര്‍ത്തിയാക്കിയ ശേഷം വിധി സംബന്ധിച്ച് ലോകായുക്തയ്‌ക്കും ഉപലോകായുക്തയ്ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് വിധി പ്രസ്‌താവം ഹൈക്കോടതി ഇടപെടുന്നതുവരെ ഒരു വര്‍ഷം വൈകിപ്പിച്ചു എന്നതാണ്. അതായത് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ കേസില്‍ ഒരു കാലത്തും വിധി പ്രസ്‌താവം ഉണ്ടാകുമായിരുന്നില്ലെന്ന ആക്ഷേപവും സതീശന്‍ മുന്നോട്ടു വയ്ക്കുന്നു.
നടപടി തീരുമാനിക്കുന്നത് സഭ: വാദപ്രദിവാദം കഴിഞ്ഞ ശേഷം, വിധി പറയുന്ന ഇന്നുവരെയുള്ള ഇടവേളയിലാണ് ആദ്യം ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കുകയും ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിഞ്ഞ മുറയ്ക്ക് ലോകായുക്തയുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുത്തു കൊണ്ടുള്ള ബില്ല് നിയമസഭ പാസാക്കുകയും ചെയ്‌തത്. ഈ ബില്ല് പാസാക്കാനിടയായ സാഹചര്യവും ഈ കേസാണെന്ന ഗുരുതര ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു. 2022 ആഗസ്‌റ്റ് 30ന് നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ വിധിയുണ്ടായാല്‍ അതിന്‍മേല്‍ എന്തു നടപടി വേണം എന്നു തീരുമാനിക്കുന്നത് നിയമസഭയാണ്.