തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ പുനഃപരിശോധന ഹർജി തള്ളി ലോകായുക്ത. ഭിന്ന വിധിക്കെതിരായി ഹർജിക്കാരൻ ശശികുമാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് ലോകായുക്ത സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവർ തള്ളിയത്. ആവശ്യമായ ഒരു പുതിയ വാദവും ഉയർത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി. അതേസമയം കേസ് ഫുൾ ബഞ്ച് ഉച്ചയ്‌ക്ക് രണ്ടരയ്ക്ക് പരിഗണിക്കാനിരിക്കുകയാണ്. എന്നാല്‍ ഇന്ന് കേസ് പരിഗണിക്കേണ്ടെന്ന് ഹർജിക്കാർ ആവശ്യപ്പെടും. ഇന്നത്തെയും 31ാം തീയതിയിലെയും വിധി വിശദമായി പഠിച്ചശേഷം ഹൈക്കോടതിയെ സമീപിക്കണമെന്നതിനാലാണിതെന്നും വാദിഭാഗം വ്യക്തമാക്കുന്നു.
ഹർജിക്കാരന്‍റെ വാദങ്ങൾ ലോകായുക്തയും ഉപലോകായുക്തയും ഒരുപോലെ ഉൾക്കൊള്ളണം എന്ന് വാദിക്കരുതെന്ന് ലോകായുക്ത പറഞ്ഞു. ഹർജിയിൽ അഭിപ്രായ ഭിന്നതയുണ്ടായപ്പോൾ ഫുൾ ബഞ്ചിന് വിട്ടു. അതിൽ തെറ്റില്ല. ഒരു വർഷം കേസ് വൈകിപ്പിച്ചു എന്ന് പറയരുത്. ഒരു വർഷം മുമ്പേ വിധി പറയാമായിരുന്നുവെന്ന് വാദി ഭാഗം പറയുന്നത് ഇവിടെ ചെലവാകില്ലെന്നും ചരിത്ര വിധിയൊന്നും വരാനുള്ള കേസല്ലെന്നും ലോകായുക്ത വ്യക്‌തമാക്കി.
ഹർജിക്കാരൻ കോടതി നടപടിയുമായും അന്വേഷണവുമായും സഹകരിക്കണം. ലോകായുക്ത ഒരു തീരുമാനത്തിലും എത്തിയിട്ടില്ല. അന്തിമ വിധിയും ഉണ്ടായിട്ടില്ല. ഹർജിക്കാർ സമർപ്പിച്ച രേഖകളിൽ പരിശോധന നടത്തുകയും അഭിപ്രായം പറയുകയുമാണ് ചെയ്‌തത്. വിശദമായ പരിശോധന നടത്താനാണ് മൂന്നംഗ ബഞ്ചിലേക്ക് മാറ്റിയത്. ഹർജിക്കാരൻ അത് മനസിലാക്കുന്നില്ലെന്നും ലോകായുക്ത പറഞ്ഞു.
ജസ്റ്റിസ് പയസ് കുര്യാക്കോസിന്‍റെ വിധി പ്രാഥമിക ഘട്ടത്തിലുണ്ടായതാണ്. എതിർ ഹർജിക്കാർക്ക് പറയാനുള്ളത് വിശദമായി കേട്ട ശേഷമേ അന്തിമ വിധിയുണ്ടാകൂ. അതിന്‍റെ നടപടികളാണ് സ്വീകരിക്കുന്നത്. പ്രാഥമിക വിലയിരുത്തലിന്‍റെ പേരിൽ വാദം ഉയർത്തരുത്. പയസ് കുര്യാക്കോസിന്‍റെ വിധിയിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എതിർഭാഗത്തിന്‍റെ വാദങ്ങൾ കേൾക്കാതെ വിധി പറയുന്നത് നിയമപരമല്ല. വിധി ഇന്നതാകും എന്ന് ഊഹിച്ച് ഹർജിക്കാർ വാദം ഉയർത്തരുതെന്നും ലോകായുക്ത വ്യക്‌തമാക്കി.
അതേസമയം കേസ് ഫുൾ ബഞ്ചിന് വിട്ടതിനെയും ലോകായുക്ത ന്യായീകരിച്ചു. പരാതി പരിഗണിക്കണമോ എന്നതിലാണ് ഈ വിധിയുണ്ടായത്. പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. പ്രത്യേക അഭിപ്രായം വന്ന സാഹചര്യത്തിലാണ് ഫുൾ ബഞ്ച് വാദം കേൾക്കുന്നത്. ആക്‌ടിൽ ഇത് പറയുന്നുണ്ടെന്നും ലോകായുക്ത വ്യക്‌തമാക്കി.
വ്യത്യസ്‌ത വിധിയിൽ ആരുടേതാണ് ഭിന്ന വിധി എന്ന് വ്യക്തമാക്കേണ്ട കാര്യമില്ല. ഓരോരുത്തരുടെയും അഭിപ്രായം രേഖപ്പെടുത്തും. അതിൽ വ്യക്തത വരുത്താനാണ് ഫുൾ ബഞ്ച്. ഭൂരിപക്ഷ അഭിപ്രായം വിധിയായി വരുമെന്നും ലോകായുക്ത വ്യക്തമാക്കി.
പുനഃപരിശോധന ഹർജി നല്ല ഉദ്ദേശത്തോടെയാണെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകനായ ജോസഫ് പൂന്തോട്ടം വാദിച്ചു. വിശദമായ പരിശോധന നടത്തി മന്ത്രിസഭ തീരുമാനത്തിൽ ഇടപെടാമെന്ന് ലോകായുക്ത നേരത്തെ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ ഫുൾ ബഞ്ച് പരിഗണിക്കുമ്പോൾ ഈ വാദം ഉന്നയിക്കാം എന്നാണ് ലോകായുക്ത മറുപടി നൽകിയത്. സർക്കാറിനുവേണ്ടി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി ഹാജരായി. മന്ത്രിസഭ തീരുമാനം ലോകായുക്തയ്ക്ക് പരിശോധിക്കാൻ അനുവാദമുണ്ടോ എന്നതിലാണ് ഭിന്ന വിധിയുണ്ടായത്.