തിരുവനന്തപുരം:ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വയക്കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ കത്ത്. ഓര്‍ഡിനന്‍സ് സംബന്ധിച്ച് സര്‍ക്കാരിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27ന് യുഡിഎഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആരോപിക്കുന്നു.
പൊതുപ്രവര്‍ത്തകനോട് ക്വോ വാറന്‍റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. കെ.സി. ചാണ്ടി - ആര്‍ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ വാദമുന്നയിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി ക്വോ വാറന്‍റോ റിട്ടിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വോ വാറന്‍റോ റിട്ടിലൂടെ പൊതുപ്രവര്‍ത്തകനെ ഒരു സ്ഥാനത്ത് നിന്ന് പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികള്‍ക്കും ബാധകമാണ്.