തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് ലോകായുക്ത പുറപ്പെടുവിച്ച രണ്ട് വിധികളും ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ സമയം വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടതോടെയാണ് ഹർജി പരിഗണിക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയത്. ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ഹരൂൺ അൽ റഷീദ്, ബാബു മാത്യു ജോസഫ് എന്നിവരടങ്ങിയ ഫുൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദുരിതാശ്വാസ നിധി വകമാറ്റിയതുമായി ബന്ധപ്പെട്ട് മാർച്ച് 31, ഏപ്രിൽ 12 എന്നീ ദിവസങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകൾ ചോദ്യം ചെയ്യണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ സുബൈർ പറഞ്ഞു. മാർച്ച് 31 ൻ്റെ വിധി ചോദ്യം ചെയ്യാൻ ആവശ്യത്തിനു സമയമുണ്ടായിരുന്നെന്നും കേസിൻ്റെ അടിയന്തര സ്വഭാവം മനസിലാക്കിയാണ് ഇന്ന് തന്നെ ഹർജി കേൾക്കാൻ തീരുമാനിച്ചതെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
ജോർജ് പൂന്തോട്ടത്തിന് പരിഹാസം: എന്നാൽ ഹർജി നീട്ടണമെന്ന ആവശ്യത്തിൽ ഹർജിക്കാരൻ്റെ അഭിഭാഷകൻ ഉറച്ചു നിന്നു. രാവിലെ ഹർജിക്കാരന് വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം ഉച്ചയ്ക്കു ശേഷം ഹാജരാകാതിരുന്നതിനെ ലോകായുക്ത പരിഹസിച്ചു. ഇന്നലെ കണ്ടവനെ ഇന്ന് കാണുന്നില്ല എന്ന് കേട്ടിട്ടുണ്ട് എന്നാൽ രാവിലെ കണ്ടവനെ ഉച്ചയ്ക്ക് കാണുന്നില്ല എന്നത് ആദ്യമാണെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ പരിഹാസം.
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ എന്നായിരുന്നു ഉപലോകായുക്ത ബാബു മാത്യു ജോസഫ് പരിഹസിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ പുനഃപരിശോധന ഹർജി ലോകായുക്ത തള്ളിയിരുന്നു. ഭിന്ന വിധിക്കെതിരായി ഹർജിക്കാരൻ ശശികുമാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് ലോകായുക്ത തള്ളിയത്.